പ്രതിരോധ മേഖലയിൽ 80,000 കോടിയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി

Posted on: October 25, 2014

Arun-Jaitley-big

പ്രതിരോധ മേഖലയിൽ 80,000 കോടിയുടെ വികസന-നവീകരണ പദ്ധതികൾക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം നൽകി. ആറ് സബ്മറൈനുകൾ, 8,000 ഇസ്രയേലി ടാങ്ക് വേധ മിസൈലുകൾ, 12 ഡോർണിയർ എയർക്രാഫ്റ്റുകൾ എന്നിവ വാങ്ങുന്നതിന് പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‌ലി അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വസിഷൻ കൗൺസിൽ (ഡിഎസി) അനുമതി നൽകി.

നാവികസേനയുടെ നവീകരണത്തിനാണ് കൗൺസിൽ മുൻഗണന നൽകിയത്. ആറു മുങ്ങിക്കപ്പലുകൾക്കു മാത്രം 50,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുങ്ങിക്കപ്പലുകൾ പൊതുമേഖല ഷിപ്പ്‌യാർഡിലോ സ്വകാര്യമേഖലയിലോ നിർമ്മിക്കേണ്ടതെന്ന കാര്യം രണ്ടു മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കും.

ഇസ്രയേലിൽ നിന്ന് വാങ്ങുന്ന 8,356 ടാങ്ക് വേധ മിസൈലുകൾക്ക് 3,200 കോടി രൂപയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ നിന്ന് 12 ഡോർണിയർ വിമാനങ്ങൾക്ക് 1,850 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.

ആർമി 321 മിസൈൽ ലോഞ്ചറുകളും വാങ്ങും. മേഡക്കിലെ ഓർഡിനാൻസ് ഫാക്ടറിയിൽ നിന്ന് 662 കോടി രൂപ മുടക്കി 362 ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങളും വാങ്ങാൻ ഡിഎസി തീരുമാനിച്ചു.