സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം നാളെ

Posted on: December 9, 2021

ന്യൂഡൽഹി : ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സേന മേധാവി ബിപിൻ റാവത്തിന് നാളെ രാജ്യം കണ്ണീരോടെ വിട നൽകും. ജനറൽ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരം ഡൽഹിയിൽ എത്തിക്കും. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ട് മണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിൽ സംസ്‌കാരചടങ്ങുകൾ നടത്തും.

ഊട്ടിക്ക് അടുത്ത കൂനൂരിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന അപകടത്തിൽ ജനറൽ റാവത്ത്, പത്‌നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ്റ്റനന്റ് കേണൽ എച്ച്. സിംഗ്, വിംഗ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിംഗ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, മലയാളിയായ ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നീ 13 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലുള്ളത്.

ഉത്തരാഖണ്ഡിലെ പൗരിയിൽ സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് കരസേനയിലെ ലഫ്റ്റ്‌നന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും സിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായിരുന്നു സൈനിക പരിശീലനം. ഊട്ടി വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ നിന്ന് ബിരുദം നേടി. 1978 ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 ജനുവരി ഒന്നിന് ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റു. മക്കൾ : തരിണി റാവത്ത്, കൃതിക റാവത്ത്.

ജനറൽ ബിപിൻ റാവത്തിന്റെ വേർപാടിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മന്ത്രി അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.