ഹിന്ദുസ്ഥാൻ പെട്രോളിയം 60,000 കോടിയുടെ വികസനത്തിനൊരുങ്ങുന്നു

Posted on: September 19, 2018

ഹൈദരാബാദ് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ 60,000 കോടിയിലധികം രൂപയുടെ വികസനത്തിനൊരുങ്ങുന്നു. 2022 ന് മുമ്പ് ഭാരത് സ്‌റ്റേജ് 6 നിലവാരത്തിലുള്ള ഇന്ധനം, സംസ്‌കരണശേഷി വികസനം തുടങ്ങിയവയ്ക്കായി വൻ മുതൽമുടക്കാണ് എച്ച്പിസിഎൽ ലക്ഷ്യമിടുന്നത്. 2020 ഏപ്രിൽ ഒന്നു മുതൽ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള ഇന്ധനങ്ങൾ വിപണിയിൽ എത്തിക്കേണ്ടതുണ്ട്.

വിശാഖപട്ടണം റിഫൈനറിയുടെ ശേഷി 8.3 ദശലക്ഷം ടണ്ണിൽ നിന്ന് 15 ദശലക്ഷം ടണ്ണായി വർധിപ്പിക്കാൻ 21,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുംബൈ റിഫൈനറിയുടെ ശേഷി 7.5 ദശലക്ഷം ടണ്ണിൽ നിന്ന് 9.5 ദശലക്ഷം ടണ്ണായി വർധിപ്പിക്കാൻ 5,000 കോടി രൂപയാണ് കണക്കാക്കുന്നത്. രാജസ്ഥാൻ ഗവൺമെന്റുമായി ചേർന്ന് ബാർമറിൽ പ്രതിവർഷം 9 ദശലക്ഷം ടൺ സംസ്‌കരണ ശേഷിയുള്ള റിഫൈനറി സ്ഥാപിക്കാനു ലക്ഷ്യമിടുന്നു. 43,000 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിൽ 4,000 കോടി രൂപ മുതൽമുടക്കി എൽഎൻജി ടെർമിനൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്.