ബാറ്ററി സ്വാപ് സര്‍വീസിനായി എച്ച്ഇഐഡി- എച്ച്പിസിഎല്‍ സഹകരണം

Posted on: August 11, 2022

കൊച്ചി : ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ബാറ്ററി സ്വാപ് സേവനത്തിനുള്ള ഉപകമ്പനിയായ ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എച്ച്ഇഐഡി) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) സഹകരിച്ച് ഹോണ്ട ഇ:സ്വാപ്പ് സര്‍വീസ് ആരംഭിച്ചു. എച്ച്പിസിഎല്‍ പെട്രോള്‍ പമ്പുകളില്‍ എച്ച്ഇഐഡിയാണ് സേവനം ലഭ്യമാക്കുന്നത്.

ഇ മൊബിലിറ്റി മേഖലയില്‍ പരസ്പര വാണിജ്യ സഹകരണത്തിനായി എച്ച്ഇഐഡിയും എച്ച്പിസിഎല്ലും 2022 ഫെബ്രുവരിയില്‍ ധാരണാ പത്രം ഒപ്പുവെയ്ക്കുകയും സ്വാപ് സ്റ്റേഷന്‍ ശൃംഖല വികസിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തിരുന്നു.

2021 നവംബറില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സേവനം ലഭ്യമാക്കിക്കൊണ്ടാണ് എച്ച്ഇഐഡി ഇന്ത്യയില്‍ ബാറ്ററി സ്വാപ്പ് സേവനം ആരംഭിച്ചത്. ഡിസ്ചാര്‍ജായ ബാറ്ററികള്‍ സ്വാപ്പ് ചെയ്യുന്നതിന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കമ്പനി ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ -സേവനം ലഭ്യമാക്കുകയും ചെയ്തു. ഇത് ഡ്രൈവര്‍മാര്‍ക്ക് ബാറ്ററി തീരുമെന്ന ആശങ്കയും ഇലക്ട്രിക് വാഹനം വാങ്ങുമ്പോഴുള്ള പ്രാരംഭ ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് സഹായിച്ചു.

ബെംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പ് സേവനം വിപുലീകരിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച ഹരിത ഭാവി ലഭ്യമാകുമെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ബിസിനസ് ഡെവലപ്‌മെന്റ് സൂപ്പര്‍വൈസറി യൂണിറ്റ് ഹെഡും ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവുമായ അരാത ഇച്ചിനോസ് പറഞ്ഞു.

ബെംഗളൂരുവില്‍ അടുത്ത 12 മാസത്തിനുള്ളില്‍ 70- ലധികം സ്റ്റേഷനുകളുള്ള ഏറ്റവും വലിയ ബാറ്ററി സ്വാപ്പ് ശൃംഖല സൃഷ്ടിക്കാനാണ് എച്ച്ഇഐഡി പദ്ധതിയിട്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വിപുലീകരിക്കുകയും ചെയ്യും.