പിഎൻബി വായ്പാ തട്ടിപ്പ് : രാജ്യവ്യാപകമായി എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

Posted on: February 15, 2018

മുംബൈ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട വായ്പാ തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി റെയ്ഡുകൾ ആരംഭിച്ചു. നീരവ് മോദിയുടെ മുംബൈയിലെ വസതി, കലാഖോഡ മേഖലയിലെ ജുവല്ലറി ബൊട്ടീക്ക്, ബാന്ദ്ര, ലോവർ പാറേൽ, സുററ്റിലെ മൂന്ന് കേന്ദ്രങ്ങൾ, ഡൽഹി ചാണക്യപുരിയിലെയും ഡിഫൻസ് കോളനിയിലെയും ഷോറൂമുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

കയറ്റുമതി വ്യാപാരികൾ വിദേശ ബാങ്കുകളിൽ നിന്ന് ഇന്ത്യൻ ബാങ്കുകളുടെ ജാമ്യത്തിൽ ഹ്രസ്വകാല വായ്പ എടുക്കുന്നതിന്റെ മറവിലായിരുന്നു 11,346 കോടി രൂപയുടെ തട്ടിപ്പ്. നീരവ് മോദി, ഭാര്യ ആമി, നീരവിന്റെ സഹോദരൻ നിഷാൽ, അമ്മാവൻ മെഹൂൽ ചിന്നുഭായ് ചോക്‌സി എന്നിവർ പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 280.70 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണത്തിനിടെയാണ് 11,346 കോടിയുടെ ക്രമക്കേട് സിബിഐ കണ്ടെത്തിയത്.

ഡയമണ്ട് ഫോർ അസ്, സോളാർ എക്‌സ്‌പോർട്ട്‌സ്, സ്‌റ്റെല്ലാർ ഡയമണ്ട്‌സ് എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥരായ ഗോഗുൽ നാഥ് ഷെട്ടി, മനോജ് ഖരാത് എന്നിവരും കേസിൽ പ്രതികളാണ്. നീരവ് മോദിക്കു പുറമെ ഗീതാഞ്ജലി, ജിനി, നക്ഷത്ര എന്നീ ജുവല്ലറി ശൃംഖലകളും സിബിഐയുടെ നിരീക്ഷണത്തിലാണ്.