നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു

Posted on: December 6, 2017

മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയായ റിപ്പോനിരക്ക് ആറ് ശതമാനവും കരുതൽധനാനുപാതം (സിആർആർ) നാല് ശതമാനവുമായി തുടരും. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന കരുതൽ ധനത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായി തുടരും. സാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) 19.5 ശതമാനമാണ്.

വർധിക്കുന്ന പണപ്പെരുപ്പവും ക്രൂഡോയിൽ വിലയും കണക്കിലെടുത്താണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് പണനയ അവലോകന സമിതി തീരുമാനിച്ചത്. ആറംഗ പണനയ അവലോകന സമിതിയിലെ അഞ്ച് അംഗങ്ങളും തൽസ്ഥിതി തുടരുന്നതിനെ പിന്തുണച്ചു. രവീന്ദ്ര ധോലാക്കിയ മാത്രമാണ് കാൽ ശതമാനം പലിശ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. നടപ്പ് സാമ്പത്തികവർഷം രാജ്യം 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ആർബിഐ വിലയിരുത്തി.