റിലയൻസ് ഇൻഡസ്ട്രീസിന് 8,109 കോടി രൂപ അറ്റാദായം

Posted on: October 14, 2017

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 12.5 ശതമാനം അറ്റാദായവളർച്ച. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 8,109 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 7,209 കോടിയായിരുന്നു അറ്റാദായം. വരുമാനം 23.9 ശതമാനം വർധിച്ച് 1,01,169 കോടി രൂപയായി.

ജാംനഗർ റിഫൈനറി ക്രൂഡോയിൽ ബാരലിന് 12 ഡോളർ വരുമാനം നേടി. കഴിഞ്ഞ 9 വർഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്. റീട്ടെയ്ൽ, റിഫൈനിംഗ്, പെട്രോകെമിക്കൽ ബിസിനസുകൾ കമ്പനിയെ വളർച്ചയിലേക്ക് നയിച്ചു. സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം റിലയൻസിന്റെ കടബാധ്യതകൾ 2.14 ലക്ഷം കോടി രൂപയാണ്.

റിലയൻസ് ജിയോ സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ പലിശയും നികുതിയും മാറ്റിനിർത്തിയാൽ 261 കോടി രൂപ ലാഭം നേടി. വരുമാനം 25 ശതമാനം വർധിച്ച് 26,999 കോടി രൂപയായി. പ്രവർത്തനമാർജിൻ 15.2 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി.