നയതന്ത്രവിലക്ക് : നിരാശാജനകമെന്ന് ഖത്തർ

Posted on: June 5, 2017

ദോഹ : നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കാനുള്ള ആറ് രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമെന്ന് ഖത്തർ. പൗരൻമാരുടെ സാധാരണ ജീവിതത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. ആർക്കും ആശങ്ക വേണ്ടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഖത്തറുമായുള്ള അതിർത്തികൾ അടയ്ക്കാനുള്ള തീരുമാനം ക്ഷാമത്തിനിടയാക്കിയേക്കുമെന്ന ആശങ്കയിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ഇറക്കുമതിക്കായി വ്യോമ-നാവിക താവളങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് ഖത്തർ കാബിനറ്റ് വ്യക്തമാക്കി.

യുഎഇയിലുള്ള ഖത്തറി പൗരൻമാരോട് 14 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ അബുദാബിയിലെ ഖത്തർ എംബസി ആവശ്യപ്പെട്ടു. കുവൈറ്റ്, ഒമാൻ വഴി ദോഹയിലേക്ക് യാത്രചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.

നയതന്ത്ര വിലക്ക് സംബന്ധിച്ച വാർത്ത വന്നതോടെ ഖത്തർ സ്‌റ്റോക്ക് ഇൻഡെക്‌സ് 720.98 പോയിന്റ് ഇടിഞ്ഞു. ഖത്തർ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 44 ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഖത്തർ എയർവേസ് യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചു. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്നും ഖത്തറിലേക്കുള്ള സർവീസുകളും റദ്ദാക്കി.