ഭാരതി എയർടെൽ ടെലിനോറിനെ ഏറ്റെടുക്കുന്നു

Posted on: February 23, 2017

ന്യൂഡൽഹി : ഭാരതി എയർടെൽ, ടെലിനോർ ഇന്ത്യ കമ്യൂണിക്കേഷൻസിനെ ഏറ്റെടുക്കാൻ ധാരണയായി. ഏറ്റെടുക്കലിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ആന്ധ്രപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി (ഈസ്റ്റ്), യുപി(വെസ്റ്റ്) ആസാം എന്നീ ഏഴ് ടെലികോം സർക്കിളുകളിൽ ടെലിനോറിന് സാന്നിധ്യമുണ്ട്. ജനസംഖ്യ ഏറെയുള്ള ഏഴ് ടെലികോം സർക്കിളുകളിൽ എയർടെല്ലിന്റെ വളർച്ചയ്ക്ക് ഏറ്റെടുക്കൽ വഴിയൊരുക്കും.

ഏഴ് സർക്കിളുകളിലെ ടെലിനോറിന്റെ മൊബൈൽ നെറ്റ് വർക്ക്, ഇടപാടുകാർ എന്നിവ ഇനി എയർടെല്ലിന്റെ ഭാഗമാകും. ടെലിനോറിന്റെ സ്‌പെക്ട്രം കുടിശിക എയർടെൽ ഏറ്റെടുക്കും. ആവശ്യമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന് എയർടെൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോപാൽ വിത്തൽ പറഞ്ഞു. തൃപ്തികരമായ നേട്ടം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലെ ബിസിനസ് കൈയൊഴിയുന്നതെന്ന് ടെലിനോർ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സിഗ്‌വി ബ്രിക്കി പറഞ്ഞു.