സൈറസ് മിസ്ത്രിയെ ടിസിഎസ് ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി

Posted on: December 14, 2016

cyrus-mistry-tata-group-big

മുംബൈ : ടിസിഎസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. മിസ്ത്രിയെ നീക്കാനുള്ള പ്രമേയത്തിന് അനുകൂലമായി 93.11 ശതമാനം വോട്ടുകൾ ലഭിച്ചു. മിസ്ത്രി ഇനി ടിസിഎസ് ഡയറക്ടർ മാത്രമായി തുടരും. 6.89 ശതമാനം വോട്ടുകൾ മിസ്ത്രിക്ക് അനുകൂലമായി ലഭിച്ചു. കമ്പനിയുടെ ഓഹരിയുടമകളിൽ 86.71 ശതമാനം ഓഹരിയുടമകളഉം അസാധാരണ പൊതുയോഗത്തിൽ വോട്ടുചെയ്തതായി ടിസിഎസ് വ്യക്തമാക്കി.

ടിസിഎസിന്റെ 73 ശതമാനം ഓഹരികൾ ടാറ്റാസൺസിന്റെ നിയന്ത്രണത്തിലാണ്. പ്രമോട്ടർമാരല്ലാത്ത ഓഹരിയുടമകളിൽ 20 ശതമാനത്തിന്റെ പിന്തുണ തങ്ങൾക്ക് ലഭിച്ചതായി മിസ്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇക്കൂട്ടർ പ്രമേയത്തെ എതിർക്കുകയോ വോട്ടിംഗിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്തതായി മിസ്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ മിസ്ത്രി പൊതുയോഗത്തിൽ പങ്കെടുത്തില്ല. സ്വതന്ത്രഡയറക്ടറായി അമാൻ മേത്തയാണ് അസാധാരണ പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചത്.