ധനലക്ഷ്മി ബാങ്ക് ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര

Posted on: May 12, 2015

Dhanlaxmibank-Big-b

കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര ബാങ്ക് ഒരുങ്ങുന്നതായി സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഗണ്യമായി വർധിച്ചു. കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയിലും മുന്നേറ്റം ദൃശ്യമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച 31.65 രൂപയിൽ ക്ലോസ് ചെയ്ത ധനലക്ഷ്മി ബാങ്ക് ഓഹരിവില ഇന്നലെ 37.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 40.40 രൂപ വരെ ഉയർന്നു. 42.5 ലക്ഷം ഓഹരികൾ ഇന്ന് രാവിലെ കൈമറിഞ്ഞു.

പ്രമുഖ വ്യവസായികളായ എം. എ. യൂസഫലിക്കും (4.99 %) രവി പിള്ളയ്ക്കും (4.49 %) ധനലക്ഷ്മി ബാങ്കിൽ ഓഹരി പങ്കാളിത്തമുണ്ട്. ഏറ്റെടുക്കലിന് മുന്നോടിയായി ധനലക്ഷ്മി ബാങ്കിന്റെ ആസ്തിബാധ്യതകൾ വിലയിരുത്തി വരികയാണ്. 675 കോടി രൂപയാണ് ധനലക്ഷ്മി ബാങ്കിന്റെ വിപണി മൂല്യം.

നേരത്തെ അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റലും ധനലക്ഷ്മി ബാങ്ക് ഏറ്റെടുക്കാൻ താത്പര്യം കാണിച്ചിരുന്നു. രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിഷ്‌ക്രിയ ആസ്തി ധനലക്ഷ്മി ബാങ്കിനാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ കഴിഞ്ഞ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു.