വായ്പകളില്‍ ഇളവുകള്‍ നല്‍കി ഐ ഡി ബി ഐ ബാങ്ക്

Posted on: October 4, 2018

കൊച്ചി : പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഐ ഡി ബി ഐ ബാങ്ക് വായ്പകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി. വീട് എക്സ്റ്റന്‍ഷന്‍, നിലവിലുള്ള പ്രോപ്പര്‍ട്ടിയുടെ നന്നാക്കല്‍, പുനഃനിര്‍മാണം, ബാലന്‍സ് ട്രാന്‍സ്ഫര്‍ ടോപ് അപ്പ് വായ്പ, ഇന്റേണല്‍ ടോപ് അപ്പ് വായ്പ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക ഇളവുകളുണ്ട്.

കാര്‍ഡ് നിരക്കിനേക്കാള്‍ 15 ബിപിഎസ് ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31വരെ ഭവന വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും. ഈ വായ്പകള്‍ക്കൊന്നും പ്രോസസിങ് ചാര്‍ജുകളും ഈടാക്കില്ല. അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് മാര്‍ജിന്‍ നിബന്ധനയിലും ഇളവു വരുത്തിയിട്ടുണ്ട്. ഭവന വായപകള്‍ക്ക് ഒരു വര്‍ഷത്തേക്കും വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറു മാസത്തേക്കും മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെക്ക് ബൗണ്‍സ് ചാര്‍ജ് ഇഎംഐ അടയ്ക്കല്‍ വൈകിയതിനുള്ള പിഴ, പലിശ തുടങ്ങിയവയെല്ലാം ബാങ്ക് തിരിച്ചു നല്‍കും. ഇതു കൂടാതെ മിനിമം ബാലന്‍സ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയവയ്ക്കുള്ള ചാര്‍ജുകളും ഒക്‌ടോബര്‍ 31വരെ ഒഴിവാക്കിയിട്ടുണ്ട്.

TAGS: IDBI BANK |