ഫോർഡ് പുതിയ പെട്രോൾ എൻജിൻ അവതരിപ്പിച്ചു

Posted on: October 7, 2017

കൊച്ചി : ഫോർഡ് ഇന്ത്യ 1.5 ലിറ്ററിന്റെ പുതിയ പെട്രോൾ എൻജിൻ അവതരിപ്പിച്ചു. ഗുജറാത്തിലെ സനന്ദ് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ എൻജിൻ ഇന്ത്യൻ  വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്നു. നിലവിലുള്ള 1.5 ലിറ്റർ എൻജിനേക്കാൾ പ്രവർത്തനശേഷിയും ഇന്ധനക്ഷമതയും കൂടുതലുള്ളതാണ്, 1.5 ലിറ്റർ ട്വിൻ വേരിയബിൾ കാംഷാഫ്റ്റ് ടൈമിങ്ങ് എൻജിൻ എന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.

മൂന്നു സിലിണ്ടർ എൻജിൻ 123 പിഎസ് കരുത്തും 150 എൻഎം ടോർക്കും നൽകും. പുതിയ എൻജിൻ ഈ വർഷം തന്നെ ഇക്കോ സ്‌പോർട്ടിൽ അവതരിപ്പിക്കും. നാല് സിലിണ്ടറിൽ നിന്ന് മൂന്ന് സിലിണ്ടറാക്കി കുറച്ചത് ഭാരം കുറയ്ക്കാനും ഘർഷണം കുറയ്ക്കാനും സഹായിക്കും. അലൂമിനിയം എൻജിൻ ബ്ലോക്ക് ഭാരം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. കോയിൽ-ഓൺ-പ്ലഗ്-സിസ്റ്റം അതിവേഗത്തിലുള്ള എൻജിൻ സ്റ്റാർട്ട് പ്രദാനം ചെയ്യുന്നു.