മെൻലോപാർക്കിന്റെ സഹോദരനഗരമാകാൻ കൊച്ചി ഒരുങ്ങുന്നു

Posted on: February 8, 2015

Catherine-Carlton-Menlo-Par

കൊച്ചി : അമേരിക്കയിലെ കാലിഫോർണിയ മെൻലോപാർക്കിന്റെ സഹോദര നഗരമാകാൻ കൊച്ചി ഒരുങ്ങുന്നു. കേരളത്തിലെ ഐടി, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകൾക്ക് മുതൽകൂട്ടാകുന്ന കരാറിൽ ബുധനാഴ്ച കൊച്ചി ഒപ്പുവയ്ക്കും. ഒരു വർഷം ദൈർഘ്യമുള്ള കരാർ ഒപ്പുവയ്ക്കുന്നതിനായി മെൻലോപാർക്ക് മേയർ കാതറിൻ കാൾട്ടണും രണ്ട് ഉദ്യോഗസ്ഥരും കൊച്ചിയിൽ എത്തി.

കാതറിൻ കാൾട്ടണും സംഘവും നാളെ ഇൻഫോപാർക്കും സ്റ്റാർട്ടപ്പ് വില്ലേജും സന്ദർശിക്കും. വൈകുന്നേരം കൊച്ചി മേയർ ടോണി ചമ്മണി നേതൃത്വത്തിൽ കോർപറേഷൻ കൗൺസിൽ യുഎസ് സംഘത്തിന് സ്വീകരണം നൽകും. ബുധനാഴ്ച സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഐടി-വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ടൂറിസം മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ജിജി തോംസൺ, ഐടി സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.