ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ജിയോജിത്

Posted on: February 14, 2023

കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്ററും സോഫ്‌റ്റ്വെയര്‍ ലാബുകളും ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇന്‍ഫോപാര്‍ക്ക് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി 3 ഘട്ടങ്ങളിലായി 1.25 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു പദ്ധതി.

ഐടി, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണു പ്രതീക്ഷ. ധാരണാപത്രം ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി.ജെജോര്‍ജും ഒപ്പുവച്ചു.

ആദ്യ ഘട്ടത്തില്‍ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡേറ്റ സെന്റര്‍, കസ്റ്റമര്‍ കെയര്‍ തുടങ്ങിയവയ്ക്കുള്ള നിര്‍മാണങ്ങള്‍ ആരംഭിക്കും. ടെലിട്രേഡിംഗ് സെന്ററുകള്‍, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഡവലപ്‌മെന്റ് സെന്ററുകള്‍, സോഫ്‌റ്റ്വെയര്‍ ലാബുകള്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.