കൊച്ചി വണ്ടർലായിൽ 10,000 പേർക്ക് സൗജന്യ പ്രവേശനം

Posted on: December 14, 2020

കൊച്ചി : വണ്ടര്‍ലാ ഹോളിഡേയ്സ് കോവിഡ് പോരാളികള്‍ക്ക് കൊച്ചിയിലെ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നു. കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനായി നടത്തുന്ന വാരിയേഴ്സ് വീക്കിന്റെ ഭാഗമായാണ് ഡിസംബര്‍ 20 മുതല്‍ 23 വരെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മുന്‍നിര കോവിഡ് പോരാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 10,000 പേര്‍ക്കാണ് വണ്ടര്‍ലായിലെ ലാന്‍ഡ് റൈഡുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിനൊപ്പം ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭ്യമാക്കുന്നത്.

ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 2,500 പേര്‍ക്ക് വീതമാണ് സൗജന്യ പ്രവേശനം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, പോലീസുകാര്‍, ബാങ്ക് ജീവനക്കാര്‍, ഡെലിവറി എക്‌സിക്യുട്ടീവുകള്‍, ടീച്ചര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് വാരിയേഴ്സ് വീക്കിന്റെ ഭാഗമായി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി പാര്‍ക്കുകളിലായി 32,000 പേര്‍ക്കാണ് പ്രവേശനം.