കേരളത്തെ ഉത്തരവാദിത്തെ ടൂറിസത്തിന്റെ ലോകനേതാക്കളായി പ്രഖ്യാപിക്കും : ഡോ ഹാരോൾഡ് ഗുഡ്‌വിൻ

Posted on: January 26, 2020

തിരുവനന്തപുരം : കേരളത്തെ ഉത്തരവാദിത്ത ടൂറിസത്തിലെ ലോകനേതാക്കളായി 2022 ൽ വേൾഡ് ട്രാവൽ മാർക്കറ്റ് പ്രഖ്യാപിക്കുമെന്ന് സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഡോ ഹാരോൾഡ് ഗുഡ്‌വിൻ അഭിപ്രായപ്പെട്ടു.

ജനാധിപത്യവും സുതാര്യതയുമാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിൻറെ കാതലെന്നും ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച ടൂറിസം സംരംഭകരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

സംയുക്ത ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ, ഉത്തരവാദിത്ത ടൂറിസത്തിൻറെ അടിസ്ഥാനമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾക്ക് തുല്യപ്രാധാന്യം നൽകൽ, ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിന് ശേഷം കേരളത്തിലേക്കെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് എന്നിവയാണ് കേരളത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ലോകനേതൃത്വത്തിലേക്ക് ഉയർത്തുന്ന ഘടകങ്ങളെന്നും യുകെ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഹാരോൾഡ് ഗുഡ്‌വിൻ വ്യക്തമാക്കി.

ജില്ലയിലെ അറിയപ്പെടാതെ പ്രാദേശിക ഗ്രാമീണ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ താമസദൈർഘ്യം വർദ്ധിപ്പിക്കണമെന്ന് സംരഭകർ ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനോട് സഹകരിച്ചുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ റീബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും സംരഭകർ യോഗത്തിൽ അറിയിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം സംരംഭകർ പങ്കെടുത്ത യോഗം വിവിധ ചർച്ചകൾക്കും അനുഭവങ്ങളുടെ പങ്കിടലിനും വേദിയായി. ടൂറിസം സെക്രട്ടറി റാണി ജോർജ് ഐഎഎസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ രൂപേഷ് കുമാർ, ടൂറിസം ഉപദേശക സമിതി അംഗങ്ങളായ ഇ എം നജീബ്, കെ വി രവിശങ്കർ, അനീഷ്‌കുമാർ പി കെ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

വേൾഡ് ട്രാവൽ മാർട്ട് റെസ്‌പോൾസിബിൾ ടൂറിസം ഔട്ട് സ്റ്റാൻറിംഗ് അച്ചീവ്‌മെൻറ് ജൂറി അവാർഡ് 2020 ലഭിച്ച സംസ്ഥാന ആർടി മിഷൻ കോർഡിനേറ്റർ രൂപേഷ്‌കുമാറിനും, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് നൽകുന്ന നിർലോഭമായ പിന്തുണക്കും മാർഗനിർദേശത്തിനുമായി ഡോ ഹാരോൾഡ് ഗുഡ്‌വിന്നിനും കേരള സർക്കാരിൻറെ പുരസ്‌കാരം ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് സമ്മാനിച്ചു.