ഇന്ത്യൻ ഹോട്ടൽസ് ഉദയപ്പൂരിൽ താജ് ഫത്തേ പ്രകാശ് ഹോട്ടൽ തുറന്നു

Posted on: January 9, 2020

കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഉദയ്പൂരിൽ താജ് ഫത്തേ പ്രകാശ് പാലസ് ഹോട്ടലിന് തുടക്കം കുറിച്ചു. ഉദയ്പൂരിലെ പിച്ചോള തടാകത്തിൻറെ തീരത്താണ് ഫത്തേ പ്രകാശ് പാലസ് സ്ഥിതി ചെയ്യുന്നത്. അരാവല്ലി മലനിരകൾ അതിരിടുന്ന തടാകത്തിൻറെ മനോഹരമായ കാഴ്ചകളും ജഗ്മന്ദിർ ദ്വീപും പ്രസിദ്ധമായ താജ് ലേക്ക് പാലസും ഇവിടെ നിന്ന് കാണാം.

1300 വർഷങ്ങൾക്കു മുമ്പ് ജന്മമെടുത്ത ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ രാജവംശങ്ങളിൽ ഒന്നാണ് മേവാർ. പത്തൊൻപതാം നൂറ്റാണ്ടിൽ മഹാറാണാ ഫത്തേ സിംഗ് മേവാറിൻറെ ഭരണകാലത്ത് രാജകീയ ചടങ്ങുകൾക്കു മാത്രമായി നിർമ്മിച്ചതാണ് ഫത്തേ പ്രകാശ്. ഏറെ സൂക്ഷ്മതയോടെ കാത്തുസൂക്ഷിച്ചിരുന്ന ഫത്തേ പ്രകാശ് പാലസ് ഒരു ലിവിംഗ് മ്യൂസിയം പോലെയാണ്. 65 ഹെരിറ്റേജ് മുറികളും സ്വീറ്റുകളും സൺസെറ്റ് ടെറസ് റസ്റ്ററൻറ്, സൂര്യ ദർശൻ ബാർ, ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ ദർബാർ ഹാൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ഇന്ത്യൻ ആതിഥേയരംഗത്തിൻറെ സൂക്ഷിപ്പുകാരെന്ന നിലയിൽ ഉദയ്പൂരിലെ താജ് ഫത്തേ പ്രകാശ് കൈകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐഎച്ച്‌സിഎൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാത്വാൾ പറഞ്ഞു. പാരമ്പര്യ പെരുമയാർജ്ജിച്ചതും ആഡംബര പൂർണവുമായ ഞങ്ങളുടെ ഹോട്ടൽ നിരയിലെ പുതിയ അംഗമാണ് താജ് ഫത്തേ പ്രകാശ് പാലസെന്ന് അദ്ദേഹം പറഞ്ഞു.

കാലങ്ങളായി ഒട്ടേറെ രാജകീയ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച പ്രധാനപ്പെട്ട കൊട്ടാരമാണ് താജ് ഫത്തേ പ്രകാശ്. പരമ്പര്യത്തിൻറെ നാടകീയത മുഴുവൻ നിറഞ്ഞു നിൽക്കുന്ന ബാങ്ക്വറ്റ് ഹാളിൻറെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന ആയിരത്തിലധികം കിലോ തൂക്കമുള്ള ക്രിസ്റ്റൽ ഷാൻലിയറുകളാണ് താജ് ഫത്തേ പ്രകാശിൻറെ ആകർഷണീയമായ ഒരു പ്രത്യേകത. ചെറിയ സമ്മേളനങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, കോർപ്പറേറ്റ് കോൺഫറൻസുകൾ എന്നിവയ്ക്കും വേദിയാക്കാവുന്നതാണ് താജ് ഫത്തേ പ്രകാശ്.

പ്രത്യേകമായ രാജകീയ അനുഭവങ്ങളാണ് അതിഥികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. എയർപോർട്ടിൽനിന്ന് ഹോട്ടലിലേക്കെത്തുവാൻ ഷോഫേഡ് വിൻറേജ് കാർ മുതൽ സവിശേഷമായ ഡൈനിംഗ് അനുഭവം വരെ ഇവിടെ അതിഥികളെ കാത്തിരിക്കുന്നു. ചരിത്രവും സംസ്‌കാരവും മനോഹരമായ തടാകതീരവും രജപുത്ര കൊട്ടാരങ്ങളും നിറയുന്ന ഉദയ്പൂരിൻറെ സ്വാഭാവികമായ ആനുകൂല്യങ്ങളും ഈ കേന്ദ്രത്തിൻറെ ആകർഷണീയതയാണ്.

താജ് ഫത്തേ പ്രകാശ് പ്രവർത്തനമാരംഭിച്ചതോടുകൂടി നാല് ഹോട്ടലുകളുമായി ഉദയ്പൂരിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ഓപ്പറേറ്ററായി മാറിയിരിക്കുകയാണ് ഐഎച്ച്‌സിഎൽ.