ഗേറ്റ്‌വേ ബബിൾ കഫെയിൽ മംഗളുരു വിഭവങ്ങളുടെ മേള

Posted on: April 15, 2018

കൊച്ചി : ഗേറ്റ്‌വേ ഹോട്ടലിലെ ബബിൾ കഫെയിൽ തീരനഗരമായ മംഗളുരുവിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ മേള ആരംഭിച്ചു. പടിഞ്ഞാറൻ തീരത്തെ ഏറ്റവും പുരാതന നഗരമായ മംഗളുരുവിന്റെ തനത് രുചിയും മണവും ശൈലിയും നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുടെ മേള ഏപ്രിൽ 14 മുതൽ തുടർച്ചയായി പത്ത് ദിവസമുണ്ടാവും. മാസ്റ്റർ ഷെഫ് മഹേഷ് നായ്ക്കിന്റെ നേതൃത്വത്തിലാണ് തനത് മംഗളൂരൂ വിഭവങ്ങൾ അതിഥികൾക്കായി ഒരുക്കുന്നത്.

വൈവിധ്യമാർന്ന മീൻവിഭവങ്ങൾ, കടൽ വിഭവങ്ങൾ, പ്രത്യേക മാംസവിഭവങ്ങൾ എന്നിവയ്ക്കുപുറമെ രുചിയേറിയ സസ്യവിഭവങ്ങളും ഈ മേളയിൽ അണിനിരക്കും. തേങ്ങയും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും മുളകും ധാരാളമായി ചേർത്ത് തയാറാക്കുന്ന വിഭവങ്ങൾ ഇതുവരെ അറിയാത്ത രുചിയുടെ ഉത്സവം തീർക്കും. തുളു സാരസ്വത് ബ്രാഹ്മിൺ, പോർട്ടുഗീസ്, മഹാവീരാസ്, ബീയറീസ്, ഗൗഡ്, കാത്തലിക് എന്നിങ്ങനെ വിവിധ പാരമ്പര്യങ്ങളുടെ മേളനമാണ് മംഗളുരുവിലെ വിഭവങ്ങൾ.

നീർദോശ, മസാല ദോശ, ചിക്കൻ ഗീ റോസ്റ്റ്, ചിക്കൻ സുക്ക, കോറോ റോട്ടി (വിളയിച്ച അവൽ ഗ്രേവിയിൽ മുക്കിയെടുത്തത്), ബംഗുഡെ പുളിമുഞ്ചി (സുഗന്ധവ്യഞ്ജനങ്ങൾ അരച്ചുചേർത്ത അയല വിഭവം), ബീജ മനോലി ഉപ്പ്കറി, ബൂതായ് ഗസി, കടുബു, പട്രോഡെ എന്നിവയെല്ലാം പത്ത് ദിവസങ്ങളിലായി അണിനിരക്കും. കൊങ്കണി വിഭവങ്ങളായ ദാലി തോയ്, കശുവണ്ടി ചേർത്ത ബീബ്ബെ ഉപ്പ്കറി, വൽവൽ, അവനാസ അമ്പെ സസം, കഡിഗിചക്കോ, പാഗിലപ്പൊടി, ചനെഗാഷി എന്നിവയുടെ രുചിയും ബബിൾ കഫെയിലെത്തും. സന്ന ദക്ര മാസ്, പോർക്ക് ബാഫത്, സാർപോട്ടൽ, മട്ടൺ ബിരിയാണി എന്നിവയും ഇവിടെ അണിനിരക്കും. ഉഡുപ്പി വിഭവങ്ങൾ എന്ന് അറിയപ്പെടുന്ന തുളു വെജിറ്റേറിയൻ വിഭവങ്ങളും മംഗളുരു ഭക്ഷ്യമേളയിലുണ്ട്.