കേരള ട്രാവല്‍ മാര്‍ട്ട് 2020 സെപ്റ്റംബറില്‍ കൊച്ചിയില്‍

Posted on: October 18, 2019

തിരുവനന്തപുരം : കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിനൊന്നാം പതിപ്പ് അടുത്തവര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ അവതരിപ്പിക്കുയാണ് ലക്ഷ്യം. സാഹസിക വിനോദ സഞ്ചാരം, മൈസ് ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവ അവതരിപ്പിക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗരം, സമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ആദ്യരണ്ടുദിവസം അന്താരാഷ്ട്ര ടൂറിസം ഗ്രൂപ്പുകളുമായും തുടര്‍ന്നുള്ള രണ്ടുദിവസം സേവനദാതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്കുമുള്ള സൗകര്യമൊരുക്കും. അവസാന ദിവസം ഉച്ചയ്ക്കുശേഷം പൊതുജനങ്ങള്‍ക്ക് മാര്‍ട്ട് കാണാന്‍ അവസരമുണ്ടാകും.
2018 – ല്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള ഓഫ് സീസണിലും സഞ്ചാരികളെ കേരളത്തിലേക്കെത്തിക്കുന്നതിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി. ബി. എല്‍.) മുഖ്യപങ്കുവഹിക്കും.

കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ ബോട്ട് ലീഗ് കാണാന്‍ പത്തുലക്ഷത്തിലധികം പേരാണ് എത്തിയതെന്നും മന്ത്രി പറഞ്ഞു. സാഹസിക വിനോദസഞ്ചാരത്തിനും പ്രാമുഖ്യം നല്‍കും. ട്രക്കിംഗ്, പര്‍വതാരോഹണം, റിവര്‍ റാഫ്റ്റിംഗ്, പാരാ ഗ്ലൈഡിംഗ്, ഓഫ് റോഡിംഗ് തുടങ്ങിയവ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഹോസ്‌റ്റേ, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തം മാര്‍ട്ടിലുണ്ടാകും.

കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ്, വൈസ് പ്രസിഡന്റ് എസ്. സ്വാമിനാഥന്‍, സ്‌കറിയ ജോസ്, എബ്രഹാം ജോര്‍ജ്ജ്, ഇ. എം. നജീബ്, റിയാസ് അഹമ്മദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.