ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ അറ്റാദായത്തില്‍ 32.7 ശതമാനം വര്‍ധനവ്

Posted on: July 20, 2023

കൊച്ചി ; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 2.07 ബില്യണ്‍ രൂപയുടെ അറ്റാദായം കൈവരിച്ചു. 32.7 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. പുതിയ ബിസിനസ് മൂല്യം 30 ശതമാനം മാര്‍ജിനോടെ 4.38 ബില്യണ്‍ രൂപയിലും എത്തിയിട്ടുണ്ട്. പുതിയ ബിസിനസിലൂടെയുള്ള പരിരക്ഷ 8.8 ശതമാനം വര്‍ധിച്ച് 2,403.04 ബില്യണ്‍ രൂപയിലും എത്തിയതായി ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയാണ് കമ്പനിക്ക് കൂടുതല്‍ വിപുലമായി സേവനം എത്തിക്കുന്ന കാര്യത്തില്‍ സഹായകമായത്. കമ്പനിയുടെ മികച്ച റിസ്‌ക് മാനേജുമെന്റ് സംവിധാനം വഴി തുടക്കം മുതല്‍ പൂജ്യം നിഷ്‌ക്രിയ ആസ്തികള്‍ എന്ന റെക്കോര്‍ഡ് നില കൈവരിക്കുന്നതിനും വഴിയൊരുക്കി. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസം പ്രദാനം ചെയ്യുന്ന സാക്ഷ്യപത്രം കൂടിയാണ് ഈ നേട്ടം.

ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുപ് ബഗ്ചി പറഞ്ഞു. ഉപഭോക്താക്കള്‍ ഏല്‍പിക്കുന്ന ജീവിത സമ്പാദ്യത്തിന്റെ സംരക്ഷകരും ചുമതലക്കാരുമാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.