മുത്തൂറ്റ് ഫിനാൻസിന് 3,169 കോടി രൂപ സംയോജിത അറ്റാദായം

Posted on: June 17, 2020

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് 2020 മാർച്ചിലവസാനിച്ച സാമ്പത്തിക വർഷത്തിൽ 3169 കോടി രൂപ സംയോജിത അറ്റാദായംനേടി. മുൻവർഷമിതേ കാലയളവിലെ 2103 കോടി രൂപയേക്കാൾ 51 ശതമാനം വർധനയാണിത്. ഈ കാലയളവിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ മുൻവർഷത്തെ 38304 കോടി രൂപയിൽനിന്ന് 22 ശതമാനം വർധനയോടെ 46,871 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 53 ശതമാനം വർധിച്ച് 3018 കോടി രൂപയിലെത്തിയതായി ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് പറഞ്ഞു. മുൻവർഷമിതേ കാലയളവിലെ അറ്റാദായം 1972 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 27 ശതമാനം വർധനയോടെ 8723 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 6881 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പ മുൻവർഷമിതേ കാലയളവിലെ 34246 കോടി രൂപയിൽനിന്ന് 22 ശതമാനം വളർച്ചയോടെ 41611 കോടി രൂപയിലേക്കു ഉയർന്നു. ഗ്രൂപ്പിന്റെ അറ്റാദായത്തിൽ 176 കോടി രൂപയുടെ (മുൻവർഷം 157 കോടി രൂപ) സംഭാവന സബ്സിഡിയറി കമ്പനികളുടേതാണെന്നും അദേഹം അറിയിച്ചു.

നടപ്പുവർഷം സ്വർണപ്പണയ വായ്പയിൽ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു. ഏപ്രിലിലോടെ കമ്പനിയുടെ ശാഖകൾ എല്ലാം പ്രവർത്തിച്ചു തുടങ്ങിയെന്നും വരും മാസങ്ങളിൽ വായ്പയും തിരിച്ചടവും വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേർത്തു.

മുത്തൂറ്റ് ഫിനാൻസിന്റെ ഉപ കമ്പനികളായ മുത്തൂറ്റ് ഫോംഫിൻ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 32 കോടി രൂപയും (മുൻവർഷം 36 കോടി രൂപ) മൈക്രോ ഫിനാൻസ് സബ്‌സിഡയറിയായ ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് 99 കോടി രൂപയും (മുൻവർഷം 73 കോടി രൂപ), ഇൻഷുറൻസ് ബ്രോക്കിംഗ് സബ്സിഡിയറിയായ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് 11 കോടി രൂപയും (മുൻവർഷം 15 കോടി രൂപ) അറ്റാദായം നേടിയിട്ടുണ്ട്.

വാഹന വായ്പ ഉൾപ്പെടെയുള്ള നോൺബാങ്കിംഗ് സേവനങ്ങൾ നൽകുന്ന മുത്തൂറ്റ് മണി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 509 കോടി രൂപ വായ്പ നൽകി. മുൻവർഷമിതേ കാലയളവിലിത് 311 കോടി രൂപയായിരുന്നു. ശ്രീലങ്കൻ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാൻസ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 7 കോടി ശ്രീലങ്കൻ രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുൻവർഷത്തെ അറ്റാദായം 10 കോടി ശ്രീലങ്കൻ രൂപ.

TAGS: Muthoot Finance |