ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് 335 കോടി രൂപ അറ്റാദായം

Posted on: May 29, 2019


കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 2019 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 335 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 139 കോടി രൂപയേക്കാള്‍ 140 ശതമാനം വര്‍ധയാണ് നേടിയിട്ടുളളത്.

കമ്പനിയുടെ വരുമാനം ഈ കാലയളവില്‍ 18 ശതമാനം വര്‍ധനയോടെ 6721 കോടി രൂപയില്‍നിന്ന് 7963 കോടി രൂപയിലെത്തി. മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലെ വരുമാനം 23 ശതമാനം വളര്‍ച്ചയോടെ 2201 കോടി രൂപയിലെത്തിയപ്പോള്‍ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 145 കോടി രൂപയില്‍നിന്ന് 44 ശതമാനം വളര്‍ച്ചയോടെ 209 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ജിസിസിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളും പ്രതീക്ഷയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ജിസിസിയിലേയും ഇന്ത്യയിലേയും പുതിയ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടര്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കയെര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളിലായി 24 ആശുപത്രിയും 114 ക്ലിനിക്കുകളും 219 ഫാര്‍മസികളും കമ്പനിക്കുണ്ട്. കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍, വയനാട് ഉള്‍പ്പെടെ ഇന്ത്യയില്‍ കമ്പനിക്ക് 12 ആശുപത്രികളാണുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആശുപത്രികളിലെ വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 3241 കോടി രൂപയില്‍നിന്ന് 3969 കോടി രൂപയിലെത്തി.ജിസിസിയില്‍ 106-ഉം ഇന്ത്യയില്‍ എട്ടും ക്ലിനിക്കുകളുമുള്ള കമ്പനി ഈ വിഭാഗത്തില്‍ 1990 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1748 കോടി രൂപയേക്കാള്‍ 14 ശതമാനം കൂടുതലാണിത്. ഫാര്‍മസി വിഭാഗത്തില്‍നിന്നുള്ള വരുമാനം ഇക്കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ച് 2178 കോടി രൂപയിലെത്തി.2017-18-ലിത് 1798 കോടി രൂപയായിരുന്നു.

മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ വിവിധ ആശുപത്രികള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് അവരുടെ അഞ്ഞൂറാമത്തെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ നോര്‍മോതെര്‍മിക് മെഷീന്‍ പെര്‍ഫ്യൂഷന്‍ ഉപയോഗിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ആശുപത്രിയായി ബംഗളരൂവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ മാറി.
2017-ല്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സ് പദ്ധതി ആരംഭിച്ചതില്‍ പിന്നീട് ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാമും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ചേര്‍ന്ന് 10,35,791 ജീവിതത്തില്‍ ചികിത്സ ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ ലഭ്യമാക്കി. സഹായം ആവശമുള്ളവരും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരും തമ്മിലുള്ള വിടവ് നികുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വോളന്റിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് 8300 പേര്‍ വോളന്റിയര്‍മാരായി ഇതില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

ഭിന്നശേഷിയുള്ളവരെ പരിശീലിപ്പിക്കുകയും ജോലി നല്‍കുകയും ചെയ്യുക, സൗജന്യ ശസ്ത്രക്രിയകളും പരിശോധനകളും നടത്തുക, രക്തദാനം പ്രോത്സാഹിപ്പിക്കുക, ദുരന്തനിവാരണ മാനേജ്‌മെന്റിന് സഹായം നല്‍കുക, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക, മൊബൈല്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുക തുടങ്ങി നിരവധി പരിപാടികള്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സ് പദ്ധതിയുടെ കീഴില്‍ നടപ്പാക്കിവരുന്നു. കമ്പനി 108 ഭിന്നശേഷിക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

TAGS: ASTER |