ആസ്റ്റര്‍ ലബോറട്ടറീസുമായി ആസ്റ്റര്‍ രോഗ നിര്‍ണയ ബിസിനസ് മേഖലയിലേക്കു കടക്കുന്നു

Posted on: June 3, 2019

കൊച്ചി: ആസ്റ്റര്‍ ലബോറട്ടറീസ് എന്ന പേരില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് രോഗ നിര്‍ണയ മേഖലയില്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ ബെംഗലൂരുവില്‍ രണ്ടു ലബോറട്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു കൊണ്ട് ഇതിനു തുടക്കം കുറിക്കും. ബെംഗലൂരുവില്‍ ഒരു സാറ്റലൈറ്റ് ലാബോടു കൂടി കേന്ദ്രീകൃത പതോളജി പ്രോസസിങ് സൗകര്യം വര്‍ഷാവസാനത്തോടെ ആരംഭിക്കും. കര്‍ണാടകത്തിലും കേരളത്തിലുമായി എട്ട് സാറ്റലൈറ്റ് ലാബുകളും 13 പേഷ്യന്റ് എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളും ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്.

ഒരു റഫറന്‍സ് ലബോറട്ടറിയും ഹബ് ആന്റ് സ്‌പോക്ക് മാതൃകയും പ്രയോജനപ്പെടുത്തി ഫലപ്രദമായ ക്ലിനിക്കല്‍ പരിശോധനാ ശൃംഖല കെട്ടിപ്പടുക്കാനാണ് ആസ്റ്റര്‍ ലബോറട്ടറീസ് ലക്ഷ്യമിടുന്നത്. സാറ്റലൈറ്റ് ലബോറട്ടറികളിലും പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളിലും അതി വേഗത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങി ആസ്റ്ററിന് നിലവില്‍ ആശുപത്രികളുള്ള സംസ്ഥാനങ്ങളിലേക്കും 2021 സാമ്പത്തിക വര്‍ഷത്തോടെ ഈ സേവനം ദീര്‍ഘിപ്പിക്കും. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ആകെ 40 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് വിപുലീകരിക്കാന്‍ തന്ത്രപരമായ ഏറ്റെടുക്കലുകളും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും അടുത്തേക്ക് എത്തിക്കുക എന്നതിനാണു തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തങ്ങളുടെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവയിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു നടപ്പാക്കുന്നുണ്ട്. 12 ആശുപത്രികളുമായി തങ്ങളുടെ പ്രധാന പ്രവര്‍ത്തന മേഖലയായി മാറിയിരിക്കുന്ന ഇന്ത്യയിലും ഇതു നടപ്പാക്കാന്‍ തങ്ങളാഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 60,000 കോടി രൂപയിലേറെ വരുമാനമുള്ള ഒരു ലക്ഷത്തോളം രോഗ നിര്‍ണയ ലബോറട്ടറികളാണുള്ളത്. പതോളജി ലാബുകളും റേഡിയോളജി സെന്ററുകളും ഉള്‍പ്പെടെയാണിത്. ഇവയുടെ വിപണി വിഹിതത്തിന്റെ 30 ശതമാനം മാത്രമാണ് സംഘടിത മേഖലയിലുള്ളത്.

ആഗോള തലത്തില്‍ 24 ആശുപത്രികളും 114 ക്ലിനിക്കുകളും 219 ഫാര്‍മസികളുമുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന് ഇന്ത്യയില്‍ 12 ആശുപത്രികളും എട്ടു ക്ലിനിക്കുകളുമാണുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വളര്‍ച്ചയോടെ 7,963 കോടി രൂപയുടെ വരുമാനമാണ് 2019 സാമ്പത്തിക വര്‍ഷം ആസ്റ്റര്‍ കൈവരിച്ചത്. അറ്റാദായം 140 ശതമാനം വര്‍ധനവോടെ 335 കോടി രൂപയിലുമെത്തിയിരുന്നു.

TAGS: ASTER |