നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ താണ്ടി ഹിച്ച് ഹൈക്കിംഗുമായി ആസ്റ്റര്‍ സര്‍വീസ് എക്‌സലന്‍സ് വിഭാഗം തലവന്‍ വൈശാഖ് സീതാറാം ദത്താനി

Posted on: September 25, 2023

കൊച്ചി : നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി രാജ്യാതിര്‍ത്തികള്‍ താണ്ടാനൊരുങ്ങി യുവാവ്. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ആസ്റ്റര്‍ ലാബ്, ഫാര്‍മസി ഉള്‍പ്പെടെയുള്ളവയുടെയും സര്‍വീസ് എക്‌സലന്‍സ് വിഭാഗം തലവനായ വൈശാഖ് സീതാറാം ദത്താനിയാണ് സിംഗപ്പൂരില്‍ നിന്നും സിക്കിമിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നത്. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ നൂറ് കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന പദ്ധതിയുടെ പ്രചാരണാര്‍ത്ഥമാണ് ഷോര്‍സ് ടു പിനാക്കിള്‍ 3.0 എന്ന് പേരിട്ടിട്ടുള്ള സാഹസിക യാത്ര. കൂടുതല്‍ ആളുകളെ കാണാനും പരിചയപ്പെടാനും യാത്രയുടെ ഉദ്ദേശ്യം അവതരിപ്പിക്കാനും ലക്ഷ്യമിട്ട് നടന്നും ലിഫ്റ്റടിച്ചും യാത്ര ചെയ്യുന്ന ഹിച്ച് ഹൈക്കിംഗ് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ബുധനാഴ്ച (സെപ്റ്റംബര്‍ 27) സിംഗപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബര്‍ 23ന് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെ മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ, ലാവോസ്, തായ്ലന്‍ഡ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ 8800 കിലോമീറ്റര്‍ യാത്ര ചെയ്യും. നേരത്തെ സൈക്കിള്‍, മോട്ടോര്‍ ബൈക്ക് എന്നിവയില്‍ സമാന രീതിയില്‍ സോളോ യാത്രകള്‍ ചെയ്ത വൈശാഖ് ജനശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

ഹൃദയ ദിനാചരണത്തിന്റെ ഭാഗമായാണ് വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫെക്റ്റ് (വി.എസ്.ഡി) ഉള്‍പ്പെടെയുള്ള ഹൃദ്രോഗം മൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്ന ഹാര്‍ട്ട് ബീറ്റ്‌സ് പദ്ധതിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി രൂപം നല്‍കിയത്. ഇതോടനുബന്ധിച്ച് ഹൃദയരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് ആസ്റ്റര്‍ വോളണ്ടിയര്‍മാരുമായി സഹകരിച്ച് ഹാര്‍ട്ട് 2 ഹാര്‍ട്ട് എന്ന ക്യാമ്പയിനും ആരംഭിച്ചിരുന്നു. 10,000 ചുവടുകള്‍, 10 കിലോമീറ്റര്‍ സൈക്കിള്‍ സവാരി, ഒരു മണിക്കൂര്‍ വ്യായാമം എന്നിവയെല്ലാം പൂര്‍ത്തിയാക്കുന്ന ഓരോരുത്തര്‍ക്ക് വേണ്ടിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 100 രൂപ വീതം സംഭാവന ചെയ്യും.

യാത്രയില്‍ പരിചയപ്പെടുന്ന വിവിധ ജനവിഭാഗങ്ങളിലേക്ക് ഇക്കാര്യം പരിചയപ്പെടുത്താനാണ് വൈശാഖ് ലക്ഷ്യമിടുന്നത്. ഇതുവഴി 10 ദശലക്ഷം ആസ്റ്റര്‍ വോളന്റിയര്‍മാരെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരിയറ്റ് ഇന്റര്‍നാഷണല്‍, റൈസിംഗ് സ്റ്റാര്‍ ഔട്ട്റീച്ച് ഓഫ് ഇന്ത്യ, ഗോഫണ്ട്മീ.കോം, ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കാന്‍സര്‍ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് ഷോര്‍സ് ടു പിനാക്കിള്‍ 3.0 വിഭാവനം ചെയ്തിട്ടുള്ളത്.

വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫെക്റ്റ് അടക്കമുള്ള ഹൃദ്രോഗങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ല, വിശാലമായ റോഡ് പോലെ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. ഈ യാത്രയില്‍ പരിചയപ്പെടുന്ന ഓരോരുത്തരോടും ഹൃദ്രോഗം കൊണ്ട് വലയുന്ന കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും വൈശാഖ് പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫയേഴ്‌സ് ഡോ. ടി.ആര്‍ ജോണ്‍, ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന്‍ അസി. ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.