ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികളുടെ ചികിത്സ ; ആസ്റ്ററുമായി കൈകോര്‍ത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും

Posted on: June 21, 2022

കൊച്ചി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റര്‍ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാര്‍ട്ടുമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളായ നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും സഹകരിക്കുന്നു. കഴിഞ്ഞ ദിവസം ആസ്റ്റര്‍ മെഡ് സിറ്റിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരു സ്ഥാപനങ്ങളും സാമ്പത്തിക സഹായം കൈമാറി.

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമായ ഹെഡ്സ്റ്റാര്‍ട്ട് തുടങ്ങി, ചുരുങ്ങിയ കാലയളവിനുള്ളില്‍ അര്‍ഹരായ നിരവധി കുട്ടികള്‍ക്കാണ് സഹായം ലഭ്യമാക്കിയത്. കുട്ടികളുടെ ചികിത്സ, അവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ, കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഹെഡ്സ്റ്റാര്‍ട്ട് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗദ്ധരുമായി സഹകരിച്ചുള്ള ഗവേഷണം, ബ്രെയിന്‍ ട്യൂമറിനെ കുറിച്ചും, രോഗാവസ്ഥ എങ്ങനെ നേരത്തേ തിരിച്ചറിയാം തുടങ്ങിയതിനെ കുറിച്ചുള്ള ബോധവത്കരണവും ഹെഡ് സ്റ്റാര്‍ട്ടിന്റെ മറ്റു പ്രധാന ലക്ഷ്യങ്ങളാണ്.

കോര്‍പ്പറേറ്റ് സിഎസ്ആര്‍ ഫണ്ട്, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാണ് ഹെഡ്സ്റ്റാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടക്കമിട്ട പദ്ധതിയില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം സഹകരിച്ചു കഴിഞ്ഞു. പദ്ധതിയിലേക്ക് ഇനിയും കൂടുതല്‍ സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.

ബ്രയിന്‍ ട്യൂമര്‍ ചികിത്സയുടെ ഉയര്‍ന്ന ചിലവ് മൂലം നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവന്‍ അപകടത്തിലാകരുതെന്ന ചിന്തയാണ് ഹെഡ്സ്റ്റാര്‍ട്ടിന് രൂപം നല്‍കാന്‍ ആസറ്ററിന് നയിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളത്തിന്റെ വ്യവസായിക ഭൂപടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് പ്രമുഖ സ്ഥാപനങ്ങള്‍ പദ്ധതിയുമായി കൈകോര്‍ക്കുന്നത് ഇരട്ടി ഊര്‍ജ്ജമാണ് നല്‍കുന്നത്. അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഹെഡ് സ്റ്റാര്‍ട്ട് എന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.

മുന്‍പും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ മെഡ് സിറ്റിയുമായി സഹകരിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവന്‍ രക്ഷാ ഉദ്യമമായ ഹെഡ് സ്റ്റാര്‍ട്ടിന്റെ ഭാഗമാകുന്നതില്‍ ഏറെ സംതൃപ്തിയുണ്ട്. ജിയോജിത്ത് ചെയര്‍മാന്‍ സിജെ ജോര്‍ജ്ജ് പറഞ്ഞു.

ഒരമ്മയെന്ന നിലയില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങുന്നതില്‍ അഭിമാനമുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാസ്‌നീന്‍ ജഹാന്‍ഗീര്‍ പറഞ്ഞു. തുടര്‍ന്നും എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ചികിത്സ സഹായം ആവശ്യമുള്ളവര്‍ സാമ്പത്തിക പിന്നാക്കം വ്യക്തമാക്കുന്ന രേഖകള്‍ സഹിതം 81378 66888 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

TAGS: ASTER | Geojit | Nest Group |