മുത്തൂറ്റ് കാപിറ്റലിന്റെ പ്രവര്‍ത്തനലാഭത്തില്‍ 99 ശതമാനം വര്‍ദ്ധന

Posted on: January 21, 2019

മുംബൈ : മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ മൊത്തലാഭം 23.3 കോടിയായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിടുന്ന പണലഭ്യതയിലുള്ള കുറവ് മൂലമുള്ള പ്രതിസന്ധികള്‍ മറികടന്നാണ് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഈ നേട്ടം കൈവരിച്ചത്.

ഓഡിറ്റ് ചെയ്യാത്ത പ്രവര്‍ത്തനഫലം അനുസരിച്ച് കഴിഞ്ഞ പാദത്തിലെ ലാഭം 48 ശതമാനം വര്‍ദ്ധിച്ച് 23.3 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ലാഭം 15.7 കോടിയായിരുന്നു. ഡിസംബര്‍ 31ന് അവസാനിച്ച കഴിഞ്ഞ മൂന്ന് പാദങ്ങളിലായി ആകെ ലാഭം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 32.2 കോടിയില്‍ നിന്നും 64.1 കോടി രൂപയായി. 99 ശതമാനമാണ് ലാഭത്തിലെ വളര്‍ച്ച. കഴിഞ്ഞ പാദത്തിലെ ആകെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 105.2 കോടിയില്‍ നിന്നും 35 ശതമാനം വര്‍ദ്ധനയോടെ 142.3 കോടിയായി.

കഴിഞ്ഞ മൂന്ന് പാദങ്ങളിലെ കമ്പനിയുടെ വരുമാനം 279.3 കോടിയില്‍ നിന്നും 43 ശതമാനം വര്‍ദ്ധനയോടെ 398.6 കോടിയായിട്ടുണ്ട്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനി 493.1 കോടി രൂപയുടെ ഇരുചക്ര വാഹന വായ്പ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 493.1 കോടിയായിരുന്നു. ആകെ 502.1 കോടിയുടെ വായ്പയാണ് ഇക്കാലയളവില്‍ കമ്പനി നല്‍കിയത്. കമ്പനിയുടെ ആകെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് 2595.9 കോടിയായി. 438.3 കോടിയുടെ സെക്യൂരിറ്റൈസ്ഡ് പോര്‍ട്ട്‌ഫോളിയോ ഉള്‍പ്പെടെയാണിത്.

ഓരോ പാദത്തിലും കമ്പനി സുസ്ഥിരമായ വളര്‍ച്ചയാണ് കാഴ്ച
വെക്കുന്നതെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ഞങ്ങള്‍ പുതിയതായി പ്രവേശിച്ച യൂസ്ഡ് കാര്‍ വായ്പ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത 12 മുതല്‍ 18 വരെയുള്ള മാസക്കാലയളവില്‍ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്ന കാര്യം പരിഗണനയിലുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിസിനസിന്റെ അടിസ്ഥാനപരമായ ഘടകങ്ങള്‍ കൂടുതല്‍ ശക്തമാണെന്നും രാജ്യത്തെ വാഹന വ്യവസായം വളര്‍ച്ചയുടെ പാതയിലാണെന്നും തെളിയിക്കുന്നതാണ് കമ്പനി പുറത്ത് വിട്ട പ്രവര്‍ത്തന ഫലമെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്സ്യൂസ് പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയാകമാനമുള്ള
ഡിജിറ്റലൈസേഷന്‍ ഒരു പ്രധാന ലക്ഷ്യമാണെന്നും എം പവര്‍ എന്ന പേരില്‍ ഒരു ആപ്പ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 40000 പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.