ക്ലൗഡ്‌സെക്കിൽ 50 കോടിയുടെ നിക്ഷേപം

Posted on: December 9, 2021

കൊച്ചി : മലയാളിയായ സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ രാഹുല്‍ ശശിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും സിങ്കപ്പൂരിലുമായി പ്രവര്‍ത്തിക്കുന്ന ‘ക്ലൗഡ്‌സെക് (cloudsek.com) എന്ന സ്റ്റാര്‍ട്ട് അപ്പില്‍ 60 കോടി രൂപ (70 ലക്ഷം ഡോളര്‍) യുടെ മൂലധന നിക്ഷേപം. യു.എസിലെ ‘മാസ് മ്യൂച്വല്‍ വെഞ്ച്വഴ്‌സ്’ എന്ന നിക്ഷേപക സ്ഥാപനമാണ് ‘സീരീസ് എ റൗണ്ടി’ലുള്ള ഈ ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്.

‘നിര്‍മിത ബുദ്ധി’ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ.) യുടെ സഹായത്തോടെ കമ്പനികള്‍ക്ക് സൈബര്‍ സുരക്ഷയൊരുക്കുന്ന ‘സോഫ് വെയര്‍ ആസ് എ സര്‍വീസ് (സാസ്)’ സ്റ്റാര്‍ട്ട് അപ്പാണ് ക്ലൗഡ്‌സെക്’. 2015-ല്‍ തുടങ്ങിയ ഈ സ്റ്റാര്‍ട്ട് അപ്പ്, നിലവില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി കമ്പനികള്‍ക്ക് സൈബര്‍-ഡേറ്റ് സെക്യൂരിറ്റി ഒരുക്കുന്നുണ്ട്.

ലോകത്തിലെ മുന്‍നിര ബാങ്കുകള്‍, ടെക്‌നോളജി കമ്പനികള്‍, ഹെല്‍ത്ത് കെയര്‍ സംരംഭങ്ങള്‍, വന്‍കിട റീട്ടെയില്‍ ശൃംഖലകള്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. നിലവിലെ ഫണ്ടിങ്ങോടെ, ക്ലൗഡ്‌സെക് ഇതുവരെ സമാഹരിച്ച തുക ഏതാണ്ട് 75 കോടി രൂപയ്ക്കടുത്തെത്തി. ഒമിഡിയാര്‍ നെറ്റ് വര്‍ക് ഇന്ത്യ, 100 എക്‌സ് എന്‍ട്രപ്രണര്‍, ക്രഡ് സ്ഥാപകന്‍ കുനാല്‍ ഷായുടെ ക്വഡ് ഇന്നൊവേഷന്‍ ലാബ്‌സ് എന്നിവയും പങ്കാളികളായി.

കമ്പനിയിലെ പ്രാരംഭ നിക്ഷേപകരും ‘ഗ്രൂപ്പ് മീരാന്‍’ സാരഥികളുമായ നവാസ് മീരാന്‍, ഫിറോസ് മീരാന്‍ എന്നിവരും പ്രീ-സീരീസ് എ റൗണ്ടിലെ നിക്ഷേപകരായ എക്‌സിനിറ്റി വെഞ്ച്വര്‍ പാര്‍ട്ട്ണഴ്‌സ്, ഐ.ഡി.എഫ്.സി. പരമ്പര്‍, ആരൂഹ ടെക്‌നോളജി ഫണ്ട് എന്നിവയും ഇത്തവണത്തെ റൗണ്ടില്‍ പങ്കാളികളായി.

നിലവില്‍ ഇന്ത്യയിലും സിങ്കപ്പൂരിലുമായി നൂറിനടുത്ത് ജീവനക്കാരാണ് ക്ലൗഡ്‌സെക്കിനുള്ളത്. എന്‍ജിനീയറിംഗ്, വിപണനം എന്നീ മേഖലകളില്‍ കൂടുതല്‍പേരെ നിയമിക്കാനും അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് ക്ലൗഡ്‌സെക് സ്ഥാപകനും ചെയര്‍മാനുമായ രാഹുല്‍ ശശി പറഞ്ഞു.

TAGS: CloudSEK |