നിര്‍മാണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ക്രെഡായ്

Posted on: December 2, 2020

തിരുവനന്തപുരം: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയഷന്‍ ഓഫ് ഇന്ത്യ) സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനുമായി കൈകോര്‍ക്കുന്നു.

വിവിധ വ്യവസായ സംഘടനകളുമായും കോര്‍പ്പറേറ്റുകളുമായും സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന റിവേഴ്‌സ് പിച്ച് പരിപാടിയുടെ ഭാഗമായാണിത്. ഇതുവഴി നിര്‍മാണ മേഖലകളില്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ക്രെഡായി പരിഹാരം തേടും.

ഡിസംബര്‍ 4 നു വൈകുന്നേരം 3 മണിക്കാണ് റിവേഴ്‌സ് പിച്ച്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കോ അല്ലെങ്കില്‍ ഇതര മേഖലയിലെ സാങ്കേതിക പ്രാവീണ്യം ഈ മേഖലയിലേക്ക് ഉപയോഗപ്പെടുത്താന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കോ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.bit.ly/ksumrpcredai എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

ആദ്യ ഘട്ടത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണ സ്ഥലം കൈകാര്യം ചെയ്യുന്നതിനും തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും ആവശ്യമായ സേവനങ്ങളാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സ്വീകരിക്കുന്നത്.

റിവേഴ്‌സ് പിച്ചില്‍ ക്രെഡായി കേരള ജനറല്‍ സെക്രട്ടറി എം.വി ആന്റണി, ക്രെഡായി കൊച്ചി പ്രസിഡന്റ് രവി ജേക്കബ് ,ക്രെഡായി കൊച്ചി സെക്രട്ടറി രവി ശങ്കര്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കും. കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലും മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് മികച്ച സ്റ്റാര്‍ട്ടപ് സേവനങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനാണ് തീരുമാനം.