ഗെയിമിംഗ് സാങ്കേതിക വിദ്യയുടെ കവാടമായി കേരളം മാറും- കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Posted on: November 16, 2019

കൊച്ചി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ രാജ്യത്തിന്റെ ഗെയിമിംഗ് സാങ്കേതികവിദ്യയുടെ കവാടമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. യൂണിറ്റി ടെക്‌നോളജീസ് കൊച്ചിയില്‍ സംഘടിപ്പിച്ച യൂണൈറ്റ് ഇന്ത്യ 2019 ഉച്ചകോടിയിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തങ്ങളുടെ സ്വപ്ന പദ്ധതി മുന്നോട്ടു വച്ചത്.

ഗെയിമിംഗ് രംഗത്തെ ആഗോള ഭീമരായ യൂണിറ്റി ടെക്‌നോളജീസുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികവിന്റെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഗെയിമിംഗില്‍ 50 ശതമാനത്തിലധികം യൂണിറ്റിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 1000 യൂണിറ്റി അംഗീകൃത പ്രൊഫഷണലുകളെ പ്രദാനം ചെയ്യാനാണ് കെഎസ്യുഎം ഉദ്ദേശിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്പറഞ്ഞു.

ബഹുമുഖ മെച്ചമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂണിറ്റിയുടെ സഹകരണം കൊണ്ട് ലഭ്യമാകുന്നത്. സംരംഭങ്ങള്‍ക്കാവശ്യമായ ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകള്‍, ധനസഹായം, ആഗോള വിദഗ്ധരുടെ നേരിട്ടുള്ള ഉപദേശം, എന്നിവ കൂടാതെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ഉപഭോക്താക്കളാകുന്ന മെച്ചവും കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ യുണൈറ്റ് സമ്മേളനം നടത്താന്‍ സാധിച്ചത് കേരളത്തിന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് യൂണിറ്റി ടെക്‌നോളജീസിന്റെ വിദ്യാഭ്യാസ വിഭാഗം ആഗോളമേധാവിയും വൈസ്പ്രസിഡന്റുമായി ജസീക്ക ലെന്‍ഡല്‍ അഭിപ്രായപ്പെട്ടു. ഗെയിമിംഗ്, വെര്‍ച്വല്‍-ഓഗ്മന്റഡ് റിയാലിറ്റി, തുടങ്ങിയ അത്യാധുനിക മേഖലയിലെ ആഗോള വിദഗ്ധരും വിജ്ഞാന കുതുകികളും ഒരു കുടക്കീഴില്‍ ഒത്തു ചേരുന്ന സമ്മേളനത്തിന് ഏറെ പ്രധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ട് ദിവസമായി നടക്കുന്ന യുണൈറ്റ് ഇന്ത്യ സമ്മേളനത്തില്‍ യൂണിറ്റി ടെക്‌നോളജീസിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂണിവേഴ്‌സല്‍ റെന്‍ഡര്‍ പൈപ്പ്‌ലൈന്‍, ഹൈ ഡെഫനിഷന്‍ റെന്‍ഡര്‍ പൈപ്പ്‌ലൈന്‍ തുടങ്ങിയ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ അവതരണം നടന്നു. 70 ഓളം വിദഗ്ധരാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കുന്നത്.

ഗെയിമിംഗ്, വെര്‍ച്വല്‍-ഓഗ്മന്റഡ് റിയാലിറ്റി, എന്നീ മേഖലകളിലെ വിവിധ ആധുനിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.