രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ സ്റ്റാർട്ടപ്പുകൾ തയാറാകണം : സൗരഭ് ജെയിൻ

Posted on: October 2, 2019

തിരുവനന്തപുരം : രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ട ചുമതല ഭരണകൂടങ്ങൾക്കു മാത്രമായി ഏറ്റെടുക്കാനാവില്ലെന്നും ഇക്കാര്യത്തിൽ സ്റ്റാർട്ടപ്പുകൾ മുൻകൈയെടുക്കണമെന്നും പേ ടിഎം ബിൽഡ് ഫോർ ഇന്ത്യ മേധാവി സൗരഭ് ജെയിൻ പറഞ്ഞു.

കോവളത്ത് ഇന്നലെ സമാപിച്ച ദ്വിദിന സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരള ൽ ഇന്ത്യയ്ക്കുവേണ്ടി നിർമാണം ഇന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്പന്നം, ഉപഭോക്താക്കൾ, അവരുടെ ക്രയശേഷി എന്നീ മേഖലകളിലാണ് സ്റ്റാർട്ടപ്പുകൾ ശ്രദ്ധിക്കേണ്ടത്.പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ല ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടി അവ തയാറാകണം.ഉത്പന്നങ്ങൾ ജനങ്ങൾ ആവശ്യപ്പെടുന്നവയും അവർക്ക് താങ്ങാവുന്നവയും ആകണം.ഉപഭോക്താക്കൾ ആ ഉത്പന്നങ്ങൾ പ്രയോജനപ്പെടുത്തി വളരാൻ മനസുള്ളവരുമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൻകമ്പനികൾക്ക് വിഭവശേഷിയും സമൂഹത്തിൽ വേരുകളുമുണ്ടാകും. പക്ഷേ നൂതനത്വമാണ് സ്റ്റാർട്ടപ്പുകളുടെ ശക്തി. കള്ളപ്പണത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ പണത്തിനു കഴിയുമെന്ന് പേ ടിഎം ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 2010 ൽ പേ ടിഎമ്മിന് തുടക്കമിട്ടെങ്കിലും നോട്ട് നിരോധന കാലത്താണ് സ്ഥാപനത്തിന്റെ സേവനങ്ങൾ ജനം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷനും ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹഡിൽ കേരള സംഘടിപ്പിച്ചത്.