പെൺകുട്ടികളെ സാങ്കേതികവിദ്യാ തൽപരരാക്കണം : വിദഗ്ധർ

Posted on: October 2, 2019

തിരുവനന്തപുരം : പരമ്പരാഗത ചട്ടക്കൂടുകളിൽ നിന്നു മാറി പ്രാഥമിക വിദ്യാഭ്യാസതലം മുതൽതന്നെ പെൺകുട്ടികളെ സാങ്കേതികവിദ്യയിൽ അഭിനിവേശമുണ്ടാകുന്ന തരത്തിൽ വാർത്തെടുക്കണമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരളയിൽ വിദഗ്ധർ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയിൽ വനിതകൾ സജീവമാകുന്നതിനും ഉയർന്ന സ്ഥാനങ്ങളിൽ അവർക്ക് പ്രാതിനിധ്യമുണ്ടാകുന്നതിനും ഇത് വഴിതെളിക്കുമെന്ന് സാങ്കേതികവിദ്യമേഖലയിലെ വനിതാപ്രാതിനിധ്യം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ സ്റ്റാർട്ടപ്പുകളുടെ വനിതാ പ്രതിനിധികൾ വ്യക്തമാക്കി.

പെൺകുട്ടികളെ പരമ്പരാഗത ചട്ടക്കൂടുകളിൽ തളച്ചിടാതെ സാങ്കേതികവിദ്യകളിൽ അഭിനിവേശമുള്ളവരായി വളർത്തിയാൽ നിലവിലെ ഉയർന്ന സ്ഥാനങ്ങളിൽ വനിതാ പ്രതിനിധ്യത്തിൻറെ കുറവ് പരിഹരിക്കാനാകുമെന്ന് ബിഗ്ബാസ്‌കറ്റ് ഡോട്ട് കോം കാറ്റഗറി മാർക്കറ്റിംഗ് മേധാവി പൂജാ രവിശങ്കർ വ്യക്തമാക്കി. ജോലിക്ക് അനുയോജ്യ സമയക്രമം ലഭ്യമാക്കിയാൽ കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനാകും. ബിഗ്ബാസ്‌കറ്റ് ഡോട്ട് കോമിൽ ഉൽപ്പന്ന വിതരണത്തിന് വനിതകളെ നിയോഗിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അവർ വ്യക്തമാക്കി.

മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കുറവാണെങ്കിലും അവരുടെ സേവനം മികവുറ്റതാണെന്ന് സിസ്‌കോ ലോഞ്ച്പാഡ് സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ മേധാവി ശ്രുതി കണ്ണൻ പറഞ്ഞു. വനിതകൾ സഹസ്ഥാപകരായ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. സ്വയം ഒതുങ്ങിക്കൂടാതെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ സാങ്കേതികവിദ്യകളും ഫണ്ട് ലഭ്യമാക്കലുമൊക്കെ വനിതകൾക്ക് അന്യമല്ല. പുരുഷൻമാരുടെ പിൻതുണയുണ്ടെങ്കിൽ വനിതകൾ കൂടുതലായി ഈ മേഖലയിൽ ശോഭിക്കുമെന്നും അവർ വ്യക്തമാക്കി.

വനിതകൾക്ക് എത്തിച്ചേരാവുന്ന പരിധി ആകാശം മാത്രമാണെന്ന് സീബെഗ് കമ്മ്യൂണിക്കേഷൻസ് എംഡിയും സ്ഥാപകയുമായ കിരൺ ഭട്ട് ചൂണ്ടിക്കാട്ടി. വനിതാ പങ്കാളിത്തത്തിന് പ്രോത്സാഹനം അനിവാര്യമാണ്. ഓഫീസിൽ പോകാതെ വീട്ടിലിരുന്നു ജോലിചെയ്യുന്ന സംവിധാനവും വനിതകൾക്ക് ഉപയോഗപ്പെടുത്താമെന്ന് അവർ വ്യക്തമാക്കി.

സാങ്കേതിക വിദ്യകൾ അറിയാത്തവർക്കു പോലും അറിവുപകരുന്ന വിഭവങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണെന്നും വനിതകൾക്ക് ഇത് പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനാകുമെന്നും ബിൽഡർ ഡോട്ട് എഐ എന്റർപ്രൈസ് ആൻഡ് അലയൻസസ് ഡയറക്ടർ അഞ്ചു ചൗധരി വ്യക്തമാക്കി. വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രോത്സാഹനം എല്ലാവരിൽ നിന്നും വനിതകൾക്ക് ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

ഓൻട്രപ്രണർ മാസികയുടെ ഡെപ്യൂട്ടി എഡിറ്റർ പുനിത അഗർവാൾ കപൂർ മോഡറേറ്ററായിരുന്നു.

TAGS: Huddle Kerala |