സ്റ്റാർട്ടപ്പുകൾക്ക് കേരളം മികച്ച ലക്ഷ്യസ്ഥാനം : മുഖ്യമന്ത്രി

Posted on: October 1, 2019


തിരുവനന്തപുരം : സാങ്കേതികമേഖലയിലെ ആഗോള സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹഡിൽ കേരള യുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, മധ്യപൂർവേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ബിസിനസ് പ്രവർത്തനങ്ങൽ കേരളത്തിൽനിന്ന് ഏകോപിപ്പിക്കാൻ സാധിക്കും. ഇതിനായി നിക്ഷേപകർക്ക് നയപരമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഹഡിൽ കേരള യുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഉയർന്ന സാമ്പത്തിക സാമൂഹിക ചുറ്റുപാടും സാങ്കേതിക അവബോധവും കരുത്താർജ്ജിച്ച ജനസംഖ്യയുമുള്ള കേരളത്തിൽ, വികസിച്ചുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് അനന്ത സാധ്യതയുണ്ടെന്നും അവയ്ക്ക് എളുപ്പത്തിൽ മറ്റു വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്നും ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കോവളത്തെ ഹോട്ടൽ റാവീസിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ നൂതനത്വത്തിൻറെ കേന്ദ്രമാകാനുള്ള വിപണനശേഷിയും നൈപുണ്യവും കേരളത്തിനുണ്ട്. ട്രാവിസ് കലാനിക്കിന് ഊബർ ആരംഭിക്കുന്നതിനുള്ള പ്രചോദനമേകിയത് കേരളമാണ്. ഇൻകുബേഷൻ സൗകര്യങ്ങളും പരസ്പര ധാരണകൾക്കുള്ള വേദികളും ധനസഹായ സംവിധാനങ്ങളും കേരള സ്റ്റാർട്ടപ് മിഷൻ ലഭ്യമാക്കുന്നുണ്ട്. ഫണ്ട്‌സ് ഓഫ് ഫണ്ട്‌സിൽ സെബിയുടെ അംഗീകാരത്തോടെ കേരളം നിക്ഷേപം നടത്തിയതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ആരംഭം കുറിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനും സാധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റോബോട്ടുകളെ ഉപയോഗിച്ച് മാൻഹോൾ വൃത്തിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച ജൻറോബോട്ടിക്‌സിന് ടൈഗർ ഗ്ലോബൽ പോലുള്ള രാജ്യാന്തര നിക്ഷേപകരിൽ നിന്ന് നിക്ഷേപം ലഭിച്ചു. സർക്കാർ പുതിയ സംഭരണനയം മുന്നോട്ടുവച്ചതിലൂടെ സ്റ്റാർട്ടപ്പുകളിൽ നിന്നും ഒരു കോടി രൂപവരെയുള്ള സാങ്കേതികവിദ്യാ ഉത്പന്നങ്ങൾ വാങ്ങുന്നതിന് സർക്കാർ വകുപ്പുകൾക്ക് അനുമതി നൽകി. സംരംഭകത്വ വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും സ്‌കൂൾ വിദ്യർത്ഥികൾക്ക് റാസ്‌ബെറി പൈ കിറ്റുകൾ വിതരണം ചെയ്യുന്നതിനും കഴിഞ്ഞു. സ്‌കൂൾ, കോളേജ് തലങ്ങളിൽ സംരംഭകത്വത്തിന് പ്രോത്സാഹനം നൽകുന്ന പരിപാടികളും സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്‌നോളജി സ്റ്റാർട്ടപ്പായ സീവ് ടെക്‌നോളജീസിൽ നിക്ഷേപം നടത്തുമെന്ന് ഉദ്ഘാടനസമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ ട്വിറ്റർ സഹസ്ഥാപകൻ ക്രിസ്റ്റഫർ ബിസ് സ്റ്റോൺ അറിയിച്ചു.

കേരള സ്റ്റാർട്ടപ്പുമായി സഹകരിച്ചുള്ള വനിതാ സംരംഭകത്വത്തിന് സഹായകമായ സ്റ്റാർട്ടപ് ഇന്ത്യയുടെ വിംഗ്-വിമെൻ റൈസ് ടുഗതർ, അഡോബി ക്രിയേറ്റീവ് ജാം എന്ന ഡിസൈൻ ഹാക്കത്തോണും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഓപ്പോ, വാധ്വാനി ഫൗണ്ടേഷൻ, ഓർബിറ്റ് മൈക്രോ സിസ്റ്റംസ് എന്നീ സ്ഥാപനങ്ങളുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒപ്പിട്ട ധാരണാപത്രങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി.

ഒന്നാം പതിപ്പോടെ മികച്ച പ്രതികരണം ലഭ്യമായ ഹഡിൽ കേരള വരും വർഷങ്ങളിൽ സാങ്കേതികവിദ്യയിലൂന്നിയ ലോകോത്തര സമ്മേളനമായിമാറുമെന്ന് കേരള ഐടി, ഇലക്ട്രോണിക് വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ ഐഎഎസ് പറഞ്ഞു.

കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി അനിൽ അഗർവാൾ, ഐഎഎംഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജിതേന്ദ്രർ എസ് മിൻഹാസ്, കെഎസ്യുഎം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. സജി ഗോപിനാഥ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: Huddle Kerala |