ഹഡിൽ കേരള 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: September 25, 2019

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരളയുടെ രണ്ടാം പതിപ്പ് ആഗോള സ്ഥാപനങ്ങളായ ഓപ്പോ, ഫ്യൂച്ചർ ഗ്രൂപ്പ്, വാധ്വാനി ഫൗണ്ടേഷൻ, ഓർബിറ്റ് എന്നിവയുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിന് വേദിയാകും.

സെപ്തംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് കോവളത്തെ ഹോട്ടൽ ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഈ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ പ്രശസ്ത സോഫ്റ്റ്‌വേർ സ്ഥാപനമായ അഡോബിയുടെ ക്രിയേറ്റിവ് ജാം എന്ന പരിപാടിയും അരങ്ങേറും. വിദഗ്ധർ തങ്ങളുടെ പദ്ധതികളുടെയും പ്രക്രിയകളുടെയും പിന്നണി പ്രവർത്തനങ്ങൾ വിവരിക്കുകയും ടീമുകൾ തങ്ങളുടെ സർഗശേഷി പ്രദർശിപ്പിക്കുകയും ചെയ്യുന്ന വേദിയാണിത്. ട്വിറ്റർ സഹസ്ഥാപകൻ ബിസ് സ്റ്റോൺ വീഡിയോ കോൺഫെറൻസിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തിൽ സാങ്കേതിക വിദഗ്ധരും മാർക്കറ്റിംഗ് രംഗത്തെ പ്രമുഖരും നയകർത്താക്കളും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് ജോയിൻറ് സെക്രട്ടറി അനിൽ അഗർവാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ആഗോള സാങ്കേതിക-വ്യാവസായിക മേഖലകളിലെ വിദഗ്ധർക്കുമുന്നിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭ്യമാകുന്ന സംഗമത്തിൽ പ്രശസ്തരായ മുപ്പത് പ്രഭാഷകരും നിക്ഷേപകരും മേഖലയിലെ പ്രമുഖരും അണിചേരും. സർക്കാർ, നിക്ഷേപകർ, മാർഗനിർദേശകർ, സംരംഭകത്വ പങ്കാളികൾ തുടങ്ങിയവർക്കും ടെക് സംരംഭങ്ങൾക്കുമാണ് സമ്മേളനം ഊന്നൽ നൽകുക. സ്റ്റാർട്ടപ്പുകൾ, മേഖലയിലെ വിദഗ്ധർ, നയകർത്താക്കൾ തുടങ്ങിയ മേഖലയിലെ ബന്ധപ്പെട്ടവർക്കുമുന്നിൽ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനു പുറമേ സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നതിനുമുള്ള വേദിയുമൊരുക്കും.

ഇന്ത്യ ഫെയ്‌സ് ബുക്ക് വെസ് പ്രസിഡൻറും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹൻ, യുണികോൺ ഇന്ത്യ വെഞ്ച്വേഴ്‌സ് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ അനിൽ ജോഷി, ഗോ ഫ്രുഗൽ സ്ഥാപകനും സിഇഒയുമായ കുമാർ വെമ്പു, ലണ്ടൻ ആൻഡ് പാർട്‌ണേഴ്‌സ് ഇൻറർനാഷണൽ മാർക്കറ്റ്‌സ് എംഡി ജൂലിയ ചാപ്പൽ, ബിസിനസ് ഫിൻലാൻഡ് കൺട്രി മാനേജറും ഇന്ത്യ കോമേഴ്‌സ്യൽ കൗൺസിലറുമായ ഡോ. ജുക്കാ ഹോലപ്പാ, എസ്ജിഎസ് ക്യാപിറ്റൽ പാർട്ണർ സിഇഒ അദേ സൻഡ, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്വർക്ക് സിഒഒ ദിഗ്വിജൈ സംഗ്, വരണീയം ഗ്രൂപ്പ് പാർട്ണർ അപ്രജിത് ബണ്ടാർകർ, സെയിൽസ് ട്രെയിനറും എഴുത്തുകാരനുമായ സുബ്രഹ്മണ്യം ചന്ദ്രമൗലി, ടൈ ബംഗളൂരു എക്‌സിക്യുട്ടീവ് ഡയറക്ടർ വിജേതാ ശാസ്ത്രി തുടങ്ങിയവരും പങ്കെടുക്കും.

ചർച്ചകൾക്കായി കടൽതീരത്ത് ബീച്ച് ഹഡിലുകളും രാത്രിയിലേക്കും നീണ്ടുനിൽക്കുന്ന പ്രദർശനങ്ങളുമുൾപ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ദ്വിദിന ഹഡിൽ കേരള പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

ബ്ലോക്ക്‌ചെയ്ൻ, നിർമിത ബുദ്ധി, ബിഗ് ഡേറ്റ, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ്, ഡിജിറ്റൽ വിനോദമേഖല, ഡ്രോൺ ടെക്‌നോളജി, ഡിജിറ്റൽ വിനോദങ്ങൾ, ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇ-ഗവേണൻസ്, മൊബൈൽ ഗവേണൻസ് യൂസർ ഇൻറർഫെയ്‌സ്/എക്‌സപീരിയൻസ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡിൽ കേരളയുടെ ഊന്നൽ.

TAGS: Huddle Kerala |