ഫ്രെഷ് ടു ഹോം 140 കോടിയുടെ നിക്ഷേപം സമാഹരിച്ചു

Posted on: August 27, 2019

കൊച്ചി : മലയാളികളായ ഷാനവാസ് കടവില്‍, മാത്യുജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ട് അപ്പായ ഫ്രെഷ് ടു ഹോം അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് രണ്ടു കോടി ഡോളറിന്റെ മൂലധനം നേടി. അതായത്, ഏതാണ് 140 കോടി രൂപ. സീരീസ് ബി റൗണ്ടിലാണ് ഈ നിക്ഷേപം എത്തിയിരിക്കുന്നത്. ഏതാനും മാസം മുമ്പ് സീരീസ് എ റൗണ്ടില്‍ 80 കോടി രൂപ സമാഹരിച്ചിരിക്കുന്നു.

മീന്‍, ചിക്കന്‍, മട്ടന്‍ എന്നിവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പ്പനക്കാരാണ് ഫ്രെഷ് ടു ഹോം. മൗറീഷ്യസ് ആസ്ഥാനമായ അയണ്‍ പില്ലര്‍ ക്യാപിറ്റല്‍, ജാപ്പനീസ് നിക്ഷേപകനായ ജോയി ഹിരോ എന്നിവരാണ് സീരിസ് ബി റൗണ്ടിലെ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. നിലവിലെ നിക്ഷേപകരായ സി. ഇ. വെഞ്ച്വേഴ്‌സ്, മാസര്‍ ഇന്റര്‍നാഷണല്‍, അല്‍ നാസര്‍ ഹോള്‍ഡിംഗ്‌സ്, ടി.ടി.സി.ഇ.ആര്‍., പാര്‍ട്‌ണേഴ്‌സ്, സസിന്‍ ഗ്രോത്ത്, പാര്‍ട്ട്‌ണേഴ്‌സ് എന്നിവരും ഇത്തവണ നിക്ഷേപത്തില്‍ പങ്കാളികളായി.

കേരളം, ബംഗലുരു, ഡല്‍ഹി, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിലായി ഒമ്പതു നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഈയിടെ യു. എ. ഇ. യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. 200 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ഫ്രെഷ് ടു ഹോമിന് പ്രതിദിനം ശരാശരി 14,000 ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ആറര ലക്ഷം ഉപഭോക്താക്കളുള്ള കമ്പനി 1500-ഓളം മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് മീന്‍ സംഭരിക്കുന്നുണ്ട്.

TAGS: Fresh To Home |