നിർമിതബുദ്ധി : ശാസ്ത്ര റോബോട്ടിക്സിന് ലോക്ഹീഡ് മാർട്ടിനുമായി ധാരണ

Posted on: July 20, 2019

തിരുവനന്തപുരം : കൊച്ചിയിലെ ശാസ്ത്ര റോബോട്ടിക്സ് എയ്റോസ്പേസ്-ഡിഫൻസ് സെക്യുരിറ്റി കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായി ധാരണാപത്രം ഒപ്പുവച്ചു. യുദ്ധവിമാനങ്ങളുടെ നിർമാണത്തിലുൾപ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാർ.

ലോക്ഹീഡ് അടക്കമുള്ള മുൻനിര കമ്പനികൾക്കാവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചുനൽകാൻ ധാരണാപത്രം ശാസ്ത്രയ്ക്ക് സഹായകമാകും. എഫ്-21 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ ഇല്ക്ട്രോണിക്സ് ഡിസ്പ്ലേ സംവിധാനങ്ങൾക്ക് വേണ്ടിവരുന്നതാണ് ഈ ഉത്പന്നങ്ങൾ.

വ്യാവസായികാടിസ്ഥാനത്തിൽ വ്യോമയാന ഇലക്ട്രോണിക്സ് മേഖലയിൽ നിർമിതബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്ഫോമുകൾ നിർമിക്കുകയാണ് ശാസ്ത്ര റോബോട്ടിക്സ് ചെയ്യുന്നത്. റോബർട്ട് ബോഷ്, എച്ച്സിഎൽ, ഓഡിയൻസസ്, നൗൾസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾതന്നെ ടെസ്റ്റിംഗിന് ശാസ്ത്രയുടെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ശാസ്ത്രയ്ക്കൊപ്പം ചൈനയിലെ ടെറിറോ മൊബിലിറ്റിയും, ബംഗലുരുവിലെ നോപോ ടെക്നോളജീസും ലോക്ഹീഡ് മാർട്ടിന് സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് വെവേറെ ധാരണാപത്രങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്ഫോമുകളുമായും സംയോജിപ്പിക്കാനുള്ള യത്നത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്ന് ലോക്ഹീഡ് മാർട്ടിൻ എയ്റോനോട്ടിക്സിലെ സ്ട്രാറ്റജി ആൻഡ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലാൽ പറഞ്ഞു.

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ വ്യവസായങ്ങൾ അംഗീകരിക്കാൻ തുടങ്ങിയതിന്റെയും കൂടുതൽ വ്യവസായങ്ങൾ സ്റ്റാർട്ടപ്പ് മേഖലയുടെ ഭാഗമായി മാറുന്നുവെന്നതിന്റെയും ഉദാഹരണമാണ് ശാസ്ത്ര-ലോക്ഹീഡ് മാർട്ടിൻ ധാരണയെന്ന് കേരള സ്റ്റാർട്ടപ് മിഷൻ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ പറഞ്ഞു.