മലയാളി സ്റ്റാര്‍ട്ടപ് ഓപ്പണിന് 250 കോടിയുടെ നിക്ഷേപം

Posted on: June 26, 2019

 

 

ബംഗലുരു : ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, സ്പീഡ് ഇന്‍വെസ്റ്റ്, ബീനെക്സ്റ്റ്, തുടങ്ങിയ ആഗോള മൂലധന നിക്ഷേപകരില്‍ നിന്ന് 250 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

2017 മലയാളി സംരംഭകരായ അനീഷ് അച്ചുതന്‍, മേബല്‍ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്ചുതന്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട ഓപ്പണിന്റെ മൂല്യം 3 മാസത്തിനിടെ 1000 കോടിയായി ഉയര്‍ന്നു.ഫെയ്‌സ്ബുക്, ഫ്‌ളിപ്കാര്‍ട്, ഊബര്‍, ഒല തുടങ്ങിയ കമ്പനികളിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാ് നിക്ഷേപം. ഏകദേശം 25 % ഓഹരി പങ്കാളിത്തമാണ് ഇവര്‍ക്കു ലഭിച്ചത്.

ടാഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് അഡൈ്വസേഴ്‌സ്, ത്രീ വണ്‍ ഫോര്‍ ക്യാപിറ്റല്‍, സ്പീഡ് ഇന്‍വെസ്റ്റ്, ബെറ്റര്‍ ക്യാപിറ്റല്‍സ്, ഏയ്ഞ്ചല്‍ ലിസ്റ്റ് സിന്‍ഡിക്കേറ്റ് എന്നിവരാണ് മറ്റു നിക്ഷേപകര്‍.ബാങ്കുകളുമായി ചേര്‍ന്ന് ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് ബിസിനസ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി നല്‍കി അവരുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കാനുള്ള ഇന്റര്‍ നെറ്റ് ബാങ്കിംഗ് സേവനം ആണ് ഓപ്പണ്‍ ലഭ്യമാക്കുന്നത്.

ഒരു ലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ ഓപ്പണിന്റെ ബിസിനസ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 35000 കോടി രൂപയുടെ ബാങ്കിംഗ് വിനിമയങ്ങളാണ് ഒരു വര്‍ഷം ഓപ്പണ്‍ പ്ലാറ്റ് ഫോമില്‍ നടക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങളിലേക്കുകൂടി എത്തുകയാണു ലക്ഷ്യം.

ഓപ്പണ്‍ പ്ലസ് കാര്‍ഡ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്, ലേയര്‍ പ്രൊഗ്രാമബിള്‍ ബാങ്ക് അക്കൗണ്ട് എന്നീ ഉത്പ്പന്നങ്ങളും പുറത്തിറക്കും. കേരളത്തിലെ ഇടപാടുകാരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കുമെന്നും സിഇഒ അനീഷ് അച്ചുതന്‍ പറഞ്ഞു.

TAGS: Startup |