കെഎസ് യുഎം കേരള ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേയ്ക്ക് ഒന്‍പതു സ്റ്റാര്‍ട്ടപ്പുകള്‍

Posted on: June 19, 2019

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന സ്റ്റാര്‍ട്ടപ് പ്രോത്സാഹന പദ്ധതിയായ കേരള ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ (കെ-ആക്‌സിലറേഷന്‍) മൂന്നാം ഘട്ടമായ സമ്മര്‍ 2019 ലേയ്ക്ക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു.

ഡോക്കുമിന്റ്. എഐ, ഡ്രിപ്പോ ബൈ ഇവ്‌ലാബ്‌സ്, ഫെയര്‍ഫസ്റ്റ്, റോബോഇന്‍വെന്‍ഷന്‍സ്, ടാര്‍ട്ല്‍, വിറ്റിപെന്‍, സാപ്പിഹയര്‍, ആര്‍ടിക്‌ബോട്ട്, സ്റ്റീര്‍ഫോര്‍ത്തിന്റെ കോംപ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് സമ്മര്‍ 2019 ല്‍ ഇടം നേടിയിരിക്കുന്നത്.

ആതിഥ്യം, വിപണനം, മാധ്യമ-വിനോദം, ആരോഗ്യപരിരക്ഷ, ഡേറ്റ സയന്‍സ്, വാടകയ്‌ക്കെടുക്കല്‍ എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും വരുമാനമുണ്ടാക്കുകയും ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ബിസിനസ് വളര്‍ത്താനുമാണ് സമ്മര്‍ 2019 എന്ന ആക്‌സിലറേഷനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഉപഭോക്തൃശൃംഖല വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് സഹായകമാകും.

വിവിധ മേഖലകളിലും പ്രദേശങ്ങളിലുമുള്ള ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഇതിലൂടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും കഴിയുമെന്ന് കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

മേയില്‍ ആരംഭിച്ച മൂന്നു മാസത്തെ തീവ്ര വിര്‍ച്വല്‍ ആക്‌സിലറേഷന്റെ ഭാഗമായി ജൂലൈയില്‍ മുംബൈയില്‍ ഒരാഴ്ചത്തെ ബൂട്ട്ക്യാംപ് സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തും നിന്ന് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്താനാകുന്ന വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കുക, ബിസിനസിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കെ-ആക്‌സിലറേഷന്റെ ലക്ഷ്യം.

വിപണിയിലെ ചില പ്രത്യേക വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഉത്പ്പന്ന രൂപകല്‍പ്പന, വിപണി കേന്ദ്രീകൃത ഉത്പ്പന്നങ്ങള്‍, ബിസിനസ് സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍, കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകും.

കാനഡയിലെ ടൊറന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്‌സണ്‍ ഫ്യൂച്ചേഴ്‌സിനു കീഴില്‍, ടെക്ക് ആക്‌സിലറേറ്ററുകള്‍ക്കും വെന്‍ച്വര്‍ ഫണ്ടുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡാണ് സോണ്‍ സ്റ്റാര്‍ട്ടപ്‌സ്.

TAGS: Startup |