സ്റ്റാര്‍ട്ടപ്പുകളുടെ അന്താരാഷ്ട്ര പങ്കാളിത്തം: സര്‍ക്കാര്‍ യാത്രാസഹായം വര്‍ദ്ധിപ്പിച്ചു

Posted on: May 28, 2019

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത് ആഗോളതലത്തില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുനരവലോകനം ചെയ്യണമെന്നഭ്യര്‍ഥിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സിഇഒ ഡോ. സജി ഗോപിനാഥ് സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ പരിപാടികളില്‍ പങ്കെടുത്ത് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുന്നതിന് കെഎസ് യുഎം ഇതിനോടകം തന്നെ നിരവധി പ്രോത്സാഹനം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ എഴുപത്തിയഞ്ചിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നേരിട്ട് സഹായം ലഭ്യമാക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് യാത്ര, വീസ ചെലവുകളുള്‍പ്പെടെയാണ് സഹായം ലഭ്യമാക്കുക. ആദ്യ യാത്രയ്ക്ക് സ്റ്റാര്‍ട്ടപ്പ് ടീമിലെ ഒരു സ്ഥാപകാംഗത്തിന് 90 ശതമാനവും രണ്ട് സ്ഥാപകരാണ് യാത്ര ചെയ്യുന്നതെങ്കില്‍ 50 ശതമാനവും സഹായം നല്‍കും. രണ്ടാം യാത്രയില്‍ സ്റ്റാര്‍ട്ടപ്പിലെ ഒരു അംഗത്തിന് 70 ശതമാനവും രണ്ടംഗങ്ങള്‍ക്ക് 40 ശതമാനവും ചെലവു ലഭിക്കും. മൂന്നാം യാത്രയില്‍ 50 ശതമാനവും രണ്ട് സ്ഥാപകരാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഈ ചെലവുകളുടെ 30 ശതമാനവും സഹായം ലഭിക്കും.

നാലാം യാത്രയില്‍ 25 ശതമാനം സഹായവും ലഭിക്കും. ആദ്യവര്‍ഷം രണ്ട് യാത്രകള്‍ നടത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത വര്‍ഷം മുതലേ മൂന്നും നാലും യാത്രകള്‍ക്ക് സഹായങ്ങള്‍ ലഭിക്കുകയുള്ളൂ. ഈ പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷം രണ്ട് യാത്രയാണ് അനുവദിക്കുക.

ദേശീയ പരിപാടികളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കുന്നതിന് ആദ്യ രണ്ട് യാത്രകളില്‍ രണ്ട് അംഗങ്ങള്‍ക്ക് 100 ശതമാനം സഹായം ലഭിക്കും. മൂന്നാം തവണ സ്റ്റാര്‍ട്ടപ്പിലെ ഒരു അംഗത്തിന് നൂറു ശതമാനവും രണ്ട് സ്ഥാപകരാണ് യാത്ര ചെയ്യുന്നതെങ്കില്‍ അന്‍പതു ശതമാനവും സഹായം ലഭിക്കും. നാലാമത്തേയും തുടര്‍ന്നുളളതുമായ യാത്രകളില്‍ സ്റ്റാര്‍ട്ടപ്പിലെ ഒരു അംഗത്തിന് അന്‍പതുശതമാനം സഹായം ലഭിക്കും.

യൂത്ത് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് പ്രോഗ്രാമിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവുകള്‍ ലഭ്യമാക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

TAGS: Startup |