മേക്കര്‍ വില്ലേജ് ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ അനന്തസാധ്യതകള്‍: ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വാണിജ്യ ഡെപ്യൂട്ടി ഡയറക്ടര്‍

Posted on: May 18, 2019

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പായ മേക്കര്‍വില്ലേജിലെ പല ഉത്പന്നങ്ങള്‍ക്കും ബ്രിട്ടനിലെ വിപണികളില്‍ ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ വാണിജ്യ-സാമ്പത്തിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആമോ കലാര്‍ പറഞ്ഞു.

കളമശ്ശേരി ടെക്‌നോളജി ഇനോവേഷന്‍ സോണിലെ മേക്കര്‍വില്ലേജ് കാമ്പസ് സന്ദര്‍ശിക്കാനെത്തിയാതായിരുന്നു അദ്ദേഹം. ആഗോള സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നാലാമത്തെ സ്ഥാനമാണ് ബ്രിട്ടനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മേക്കര്‍വില്ലേജിലെ നൂതന ഉത്പന്നങ്ങള്‍ ഏറെ മികച്ചതാണ്. ബ്രിട്ടനിലെ വ്യവസായ ലോകത്തിന് ഇതെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് പ്രത്യേക സംഘത്തെ മേക്കര്‍വില്ലേജിലേക്ക് കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി, ആരോഗ്യ സാങ്കേതിക വിദ്യ, വൈദ്യുത വാഹനങ്ങള്‍ എന്നിങ്ങനെ മേക്കര്‍വില്ലേജില്‍ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ അത്ഭുതമുളവാക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നങ്ങളും ഇവിടെയുണ്ട്. വായുമലിനീകരണം തിരിച്ചറിയാനുള്ള ഉപകരണത്തിനും ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2018ലെ ഇന്തോ-യുകെ സാങ്കേതിക ഉച്ചകോടിയുടെ തുടര്‍ച്ചയായി ഇരുരാജ്യങ്ങളും നൂതന സാങ്കേതികവിദ്യയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി വരികയാണ്. ഇതിന്റെ ഗുണഫലം ഏറ്റവുമധികം ലഭിക്കുന്നത് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായികാവശ്യത്തിനും സാമൂഹ്യസേവനങ്ങള്‍ക്കും ഒരു പോലെ ഉപയുക്തമാകുന്ന ഉത്പന്നങ്ങളാണ് മേക്കര്‍വില്ലേജിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ബ്രിട്ടീഷ് വ്യവസായ സംഘത്തിന്റെ സന്ദര്‍ശനമെന്ന ആശയം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍വസ്റ്റ്മന്റെ അഡൈ്വസറായ ദീപ്തി പസുമാര്‍ത്ഥിയുമൊത്താണ് ആമോ കലാര്‍ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചത്. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ബ്രിട്ടിനിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഉഭയകക്ഷി ചര്‍ച്ചകളും സന്ദര്‍ശനങ്ങളും നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏറെ പ്രതീക്ഷാ നിര്‍ഭരമായ സന്ദര്‍ശനമാണിതെന്ന് പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറിമി പില്‍മോര്‍ ബെഡ്‌ഫോര്‍ഡും മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Maker Village |