വഴികാട്ടാൻ എക്‌സ്‌പ്ലോറൈഡിന്റെ സ്മാർട്ട് യാത്രാസഹായി

Posted on: June 1, 2015

Exploride-Sunil-&-Vivek-big

വാഹനങ്ങളിൽ ഹെഡ് അപ്പ് ഡിസ്‌പ്ലേ സംവിധാനവുമായി ലോക മാർക്കറ്റിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ് എക്‌സ്‌പ്ലോറൈഡ് ടെക്‌നോളജീസ് എന്ന സ്റ്റാർട്ടപ്പ് സംരംഭം. ഹോളിവുഡ് സിനിമകളിലെ അത്യാധുനിക കാറുകളിൽ കാണുന്നതുപോലെ പോകേണ്ട സ്ഥലത്തെക്കുറിച്ചും, നിങ്ങളുടെ വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ നിങ്ങളുടെ കാറിന്റെ ഗ്ലാസിൽ ഡിസ്‌പ്ലേയായി തെളിയും. നിർദേശങ്ങൾക്ക് ആംഗ്യരൂപത്തിൽ വായുവിൽ കൈകൾ ചലിപ്പിക്കുകയേ വേണ്ടു വിവരങ്ങൾ നിങ്ങൾക്കു മുമ്പിൽ അണിനിരക്കും. കേവലം ഭാവനയല്ല, സങ്കൽപ്പം യാഥാർഥ്യമാക്കിയിരിക്കുകയാണ് കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ രണ്ട് യുവ സംരംഭകർ.

ദിശാ സൂചകങ്ങൾ, ഗതിവിഗതികൾ, എൻജിൻ കണ്ടീഷൻ, ഫ്യുവൽ, വെതർ ഡീറ്റെയിൽസ് തുടങ്ങിയ വിവരങ്ങൾ ഓടുന്ന വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ നമുക്ക് കാണാൻ സാധിക്കും. നമുക്കറിയേണ്ട കാര്യങ്ങൾ ആംഗ്യരൂപത്തിൽ ചോദിക്കുകയുമാകാം. വെതർ ഡീറ്റെയ്ൽസും വാഹനത്തിന്റെ കണ്ടീഷനും ബ്ലൂടൂത്ത് സംവിധാനമുള്ള സിസ്റ്റമൊക്കെ നിലവിലുണ്ടെങ്കിലും ഇന്റർനെറ്റുവഴി ബന്ധിപ്പിച്ചുകൊണ്ട് ഈ സേവനങ്ങളൊക്കെ ലഭ്യമാക്കുന്ന ആശയമാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യകമ്പനികൂടിയാണ് എക്‌സ്‌പ്ലോറൈഡ്. ദിവസത്തിന്റെ വലിയൊരുഭാഗം യാത്രയ്ക്കായി ചെലവഴിക്കേണ്ടിവരുന്നവർക്ക് ആ സമയം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന ആശയമാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.

Exploride-Head-up-display-b

ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഡിവൈസാണിത്. ഒരു ടാബിന്റെ വലിപ്പത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ആറിഞ്ചാണ് ഇതിന്റെ വീതി. എന്നാൽ ഇതിനു ഡിസ്‌പ്ലേ സ്‌ക്രീൻ ഉണ്ടായിരിക്കില്ല. പകരം വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസാണ് ഡിസ്‌പ്ലേ സ്‌ക്രീനായി പ്രവർത്തിക്കുക. വാഹനം ഒടിക്കുന്ന ആളുടെ കാഴ്ച്ചയും ശ്രദ്ധയും തടസമാക്കാത്ത രീതിയയിലാണ് ഇത് സജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡിവൈസിനെ ഇന്റർനെറ്റുവഴി കംപ്യൂട്ടറുമായോ സ്മാർട്ട്‌ഫോണുമായോ ബന്ധിപ്പിച്ച് ആവശ്യമായ വിവരങ്ങൾ ഡിവൈസിൽ ഇൻസ്റ്റോൾ ചെയ്ത ശേഷമായിരിക്കും ഇത് വാഹനങ്ങളിൽ വയ്ക്കുക. ഇൻസ്‌റ്റോൾ ചെയ്തിട്ടുള്ള വിവരങ്ങൾ ഡിവൈസ് പ്രവർത്തിപ്പിക്കുമ്പോൾ മുന്നിലുള്ള വാഹനത്തിന്റെ ഗ്ലാസിൽ തെളിയും. ബ്ലൂടൂത്തുവഴി മൊബൈൽ ഫോണും വാഹനത്തിലെ മ്യൂസിക് സിസ്റ്റവുമൊക്കെ ഇത്തരത്തിൽ ഡിവൈസുമായി ബന്ധിപ്പിക്കാം.

വാഹനത്തിന്റെ ഗ്ലാസ് ടച്ച് സ്‌ക്രീൻ അല്ലാത്തതുകൊണ്ടു തന്നെ ഹാൻഡ് ജെസ്റ്ററുകൾ (ആംഗികമായി) വഴിയാണു ഡിവൈസിലേക്കുള്ള വിവരങ്ങൾ നൽകുന്നത്. ഉദാഹരണത്തിന് വാഹനമോടിക്കുന്ന സമയത്ത് ഫോൺ റിംഗ് ചെയ്യുകയാണെങ്കിൽ സ്‌ക്രീനിൽ നൽകിയിട്ടുള്ള ദിശയിൽ കൈ ചലിപ്പിച്ചാൽ കോൾ കണക്ട് ആകും. ഫോൺ കൈയ്യിൽ എടുക്കാതെ തന്നെ ആശയവിനിമയം നടത്താം. മാത്രമല്ല ഫോൺ വിളിക്കുന്ന ആളുടെ നമ്പറും ചിത്രവും വാഹനത്തിന്റെ ഗ്ലാസിൽ തെളിഞ്ഞു വരും. ഈ രീതിയിൽ മ്യൂസിക് സിസ്റ്റവും കൺട്രോൾ ചെയ്യാം. ഗ്ലോബൽ പൊസിഷണിംഗ് സിസ്റ്റവും (ജിപിഎസ്) ഫ്യൂവൽ, വെതർ സ്റ്റാറ്റസും എൻജിൻ കണ്ടീഷനുമൊക്കെ സ്‌ക്രീനിൽ ഉണ്ടാകും. മെസേജുകളാകാട്ടെ ശബ്ദങ്ങളായിട്ടാണ് പുറത്തുവരുന്നത്.

ഇടത്തേക്കും വലത്തേക്കും മുകളിലേക്കും താഴേക്കുമുള്ള നാലു ഹാൻഡ് ജെസ്റ്ററുകൾക്കാനുസരിച്ചാണു ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ ആക്വറസി കാമറ ഈ ജസ്റ്ററുകൾ ക്യാച്ച് ചെയ്തു അതിനനുസരിച്ചാണ് സ്‌ക്രീനിലേക്കുള്ള നിർദേശങ്ങൾ നൽകുന്നത്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും എക്‌സ്‌പ്ലോറൈഡ് അപ്പ് ഡൗൺലോഡ് ചെയ്താൽ ഡിവൈസുമായി ബന്ധിപ്പിച്ചിട്ടുള്ള കംപ്യൂട്ടറിലൂം മൊബൈൽ ഫോണിലും ഈ വിവരങ്ങൾ ലഭിക്കും. അങ്ങനെ ആപ്പുവഴി വാഹനത്തെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും എവിടെയിരുന്നുവേണമെങ്കിലും ഉടമയ്ക്ക് മനസിലാക്കാൻ സാധിക്കും. ഒരു ട്രാക്കിംഗ് സിസ്റ്റമായും ഇതു പ്രവർത്തിപ്പിക്കാം എന്നു ചുരുക്കം. കാറിന്റെ വേഗത, സ്ഥലം, കണ്ടീഷൻ, എന്തെങ്കിലും മെക്കാനിക്കൽ എറർസ് എല്ലാം ആപ്ലിക്കേഷൻ വഴി ലഭിച്ചുകൊണ്ടിരിക്കും.

Exploride-Sunil-&-Rahul-big

15,000 രൂപയാണ് ഒരു ഡിവൈസിന്റെ വില. ആദ്യഘട്ടത്തിൽ പ്രീ ഓർഡർ വഴി 2,500 പ്രൊഡക്ടുകൾ വില്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 30 ദിവസത്തേക്കാണ് പ്രീ ഓർഡർ. യുഎസ് കേന്ദ്രമായുള്ള പിആർ കമ്പനി വഴിയാണ് വിൽപ്പന. കാനഡ, യുകെ എന്നിവിടങ്ങളിലാണ് ഇനിഷ്യൽ മാർക്കറ്റ്. ജൂൺ അവസാനത്തോടെ പ്രോഡക്ട് ലോഞ്ച് ചെയ്യും. പ്രീ ഓർഡർ വഴി നാലു കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഓൺലൈൻ വഴിയും അല്ലാതെയും പ്രോഡക്ട് മാർക്കറ്റിലുണ്ടാകും. എന്നാൽ വിലയിൽ പതിനായിരം രൂപയുടെ വർധനവ് ഉണ്ടായേക്കുമെന്നു കമ്പനി പറയുന്നു.

കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ രണ്ടുപേർ ചേർന്ന് 2014 ഓഗസ്റ്റിലാണ് കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ കമ്പനി രൂപീകരിച്ചത്. മാർക്കറ്റിംഗ് സാധ്യത മുന്നിൽകണ്ട് 2014 ഡിസംബറിൽ കമ്പനിയുടെ ഒരു ശാഖ യുഎസിൽ ആരംഭിച്ചു. ഇപ്പോൾ കമ്പനിയുടെ ഹെഡ് ഓഫീസ് യുഎസിലാണ്. ഏഴു പേരാണ് കമ്പനിയിലുള്ളത്. ഇതിൽ നാലുപേർ കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലും മൂന്നു പേർ യുഎസിലുമാണ്. പാലക്കാട് സ്വദേശി സുനിൽ വല്ലത്താണ് കമ്പനിയുടെ സിഇഒ. കൊച്ചി സ്വദേശിയായ വിവേക് മോഹനാണ് സിടിഒ. എൻഐഡിയിൽ പഠനം പൂർത്തിയാക്കിയ രാഘുൽ അഗർവാളാണ് പ്രൊഡക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

Exploride-Logo-smallമൂലധനം കണ്ടെത്തലായിരുന്നു കമ്പനിയുടെ തുടക്കകാലത്ത് നേരിട്ട വലിയ പ്രതിസന്ധിയെന്ന് സുനിൽ വല്ലത്ത് പറയുന്നു. സീഡ് ഫണ്ടിംഗിലൂടെ ലഭിച്ച അൻപതുലക്ഷം രൂപയായിരുന്നു കമ്പനിയുടെ മൂലധനം. ഇൻകുബേറ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ ആശയം വിപുലപ്പെടുത്തുന്നതിനു സൗകര്യപ്രദമായ അന്തരീക്ഷമാണ് സ്റ്റാർട്ടപ്പിലുള്ളതെന്നും സുനിൽ പറയുന്നു. www.exploride.com,
mob : +917293145887