ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഫെല്ലോഷിപ്പ്

Posted on: October 24, 2019

ദുബായ് : ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യന്റെ (എഫ്ആർ.സി.പി) ഫെലോഷിപ്പ് ലഭിച്ചു. മെഡിക്കൽ രംഗത്തിനും ഹെൽത്ത് കെയർ പ്രൊഫഷനും നിർണ്ണായകമായ നേട്ടങ്ങൾ സമ്മാനിച്ചവർക്ക് ആണ് ഈ അംഗീകാരം നൽകപ്പെടുന്നത്.

ജിസിസിയിലെയും ഇന്ത്യയിലെയും ആരോഗ്യ പരിചരണ രംഗത്തിന്റെ വളർച്ചയ്ക്കായി നടത്തിയ അതുല്ല്യമായ പരിശ്രമങ്ങളും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മേഖലയിലെ ആരോഗ്യ സേവനരംഗത്തിന്റെ ഗുണനിലവാരം ഉയർത്താനും നടത്തിയ പരിശ്രമങ്ങളെയും മാനിച്ചുകൊണ്ടാണ് ഈ അംഗീകാരം ഡോ. ആസാദ് മൂപ്പന് സമ്മാനിക്കുന്നത്.

കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നിന്നും സ്വർണ്ണ മെഡലോടെ എം.ബി.ബി.എസും എം.ഡിയും പാസായ ഡോ. ആസാദ് മൂപ്പൻ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് തുടർന്ന് ചെസ്റ്റ് ഡിസീസിൽ ഡിപ്ലോമ നേടിയത്. തുടർന്ന് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ ആന്തരിക മെഡിസിനിൽ അഞ്ച് വർഷം ലക്ചററായി സേവനമനുഷ്ഠിച്ചു. ഒൻപത് രാജ്യങ്ങളിലായി 3,000 ഡോക്ടർമാരുടെ സാന്നിധ്യത്തോടെ പ്രവർത്തിക്കുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ശഹെൽത്ത്‌കെയർ ശൃംഖല കെട്ടിപ്പടുത്തതിന് പുറമേ, പ്രതി വർഷം 150 എംബിബിഎസ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭ്യമാക്കുന്ന ഒരു മെഡിക്കൽ കോളേജും ഡോക്ടർ ആസാദ് മൂപ്പൻ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്.