എം. ആർ. ജ്യോതി ജ്യോതി ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടർ

Posted on: May 10, 2019

കൊച്ചി : ഇന്ത്യൻ എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടറായി എം.ആർ. ജ്യോതിയെ നിയമിച്ചു. 2020 ഏപ്രിൽ ഒന്നു നിയമനം പ്രാബല്യത്തിൽ വരും. എം. പി. രാമചന്ദ്രൻ കമ്പനിയുടെ ചെയർമാൻ എമിരറ്റസ് ആയി തുടരും.

എം.ആർ. ജ്യോതി കഴിഞ്ഞ 14 വർഷമായി കമ്പനിയുടെ വിപണന മേഖല, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമാണ്. ഹെൻകോ, പ്രിൽ, മാർഗോ തുടങ്ങിയ ബ്രാൻഡുകൾ സംയോജിപ്പിക്കുന്നതിലും ഹെൻകൽ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷമുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്കാണ് എം.ആർ. ജ്യോതി വഹിച്ചത്. കമ്പനിയുടെ പുതിയ ലോഗോയും പുറത്തിറക്കി.

ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത് മികച്ച അംഗീകാരമാണെന്ന് എം.ആർ. ജ്യോതി പറഞ്ഞു. പുതുമയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ ബ്രാൻഡുകളെ കൂടുതൽ കരുത്തുറ്റതാക്കുന്നതും തുടർച്ചയായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്നതുമായിരിക്കും തന്റെ മുഖ്യ പരിഗണനകളെന്ന് എും എം.ആർ. ജ്യോതി വ്യക്തമാക്കി.

പുതിയ തലമുറ ചുമതലാ ബോധത്തോടെ സ്ഥാനമേൽക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും കമ്പനിയെ വളർച്ചയുടെ പുതിയ തലങ്ങളിലേക്കു നയിക്കുവാൻ അവർ യോഗ്യരും പരിശീലനം ലഭിച്ചവരുമാണെന്നും ജ്യോതി ലബോറട്ടറീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. രാമചന്ദ്രൻ പറഞ്ഞു.