കോവിഡ് പ്രതിരോധം : ബജാജ് ഗ്രൂപ്പ് 200 കോടിയുടെ സഹായം പ്രഖ്യാപിച്ചു

Posted on: May 6, 2021

ന്യൂഡല്‍ഹി : ബജാജ് ഗ്രൂപ്പ് രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിനും മൂന്നാം തരംഗമുണ്ടാവുന്ന പക്ഷം അതിജീവനത്തിനത്തിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് സാമ്പത്തിക സഹായമെന്നു ബജാജ് ഗ്രൂപ്പ് വിശദീകരിച്ചു.

കഴിഞ്ഞവര്‍ഷം കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ബജാജ് ഗ്രൂപ്പ് 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ രൂക്ഷത മുന്‍നിര്‍ത്തിയാണു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ കൂടി അനുവദിക്കുന്നതെന്നു ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ എമിരറ്റസ് രാഹുല്‍ ബജാജ് അറിയിച്ചു.

ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ ആശുപ്രതികള്‍ക്കായി മിനിറ്റില്‍ 5,000 ലീറ്റര്‍ വീതം ഉത്പാദനശേഷിയുള്ള 12 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ബജാജ് ഗ്രൂപ്പ്് സഹായം നല്‍കിയിരുന്നു. കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വെന്റിലേറ്റര്‍, ബൈപാസ് തുടങ്ങിയവ ലഭ്യമാക്കാനും ഗ്രൂപ് നടപടി സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ഇരുനൂറിലേറെ സര്‍ക്കാര്‍ ഇതര സംഘടകളുമായുള്ള പങ്കാളിത്തത്തിലാണു ബജാജ് ഗ്രൂപ്പിന്റെ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നത്.

TAGS: Bajaj |