ഉപാസിപ്രതിനിധി സംഘം കേന്ദ്ര വാണിജ്യ മന്ത്രിയെ സന്ദര്‍ശിച്ചു

Posted on: December 14, 2019

കൊച്ചി : ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ കൂട്ടായ്മയായ ഉപാസി യുടെ പ്രതിനിധികള്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തി. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ സാന്നധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ നിന്ന് (ആര്‍. സി. ഇ. പി) വിട്ടുനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന് ഉപാസി പ്രസിഡന്റ് എ. എല്‍ ആര്‍. എം. നാഗപ്പന്റെ നേതൃത്വത്തിലുള്ള സംഘം നന്ദി അറിയിച്ചു.

മുന്‍കാല വ്യാപാര കരാറുകള്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വരുത്തിയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയാണ് ആര്‍. സി. ഇ. പി. യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കമോഡിറ്റി ബോര്‍ഡുകള്‍ക്ക് വികസന സ്‌കീമുകള്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. കയറ്റുമതിക്ക് വലിയ സാധ്യതയുള്ള ഓര്‍ത്തഡോക്‌സ് തേയിലയുടെ ഉത്പാദനം കൂട്ടാന്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഉപാസി എക്‌സിക്യൂട്ടീവ് സമിതി അംഗം ചെറിയാന്‍ എം. ജോര്‍ജ്ജ്, സെക്രട്ടറി ആര്‍. ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

TAGS: UPASI |