യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയിൽ ആദീബ് അഹമ്മദും

Posted on: August 10, 2019

കൊച്ചി : യൂറോപ്പിൽ മൂല്യമേറിയ ആസ്തികൾ സ്വന്തമായുള്ള മിഡിൽ ഈസ്റ്റ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ ഇന്ത്യൻ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാർഡ് ഹോട്ടലാണ് പട്ടികയിൽ ഇടം നേടിയത്. അദീബ് അഹമ്മദിനു പുറമെ ഈ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചവരെല്ലാം അറബ് വ്യവസായികളാണ്. ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാർഡ് 2014 ലാണ് ട്വന്റി14 ഹോൾഡിംഗ്‌സ്, 1,100 കോടി രൂപ മുടക്കി സ്വന്തമാക്കിയത്.

ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ആസ്ഥാനമായിരുന്ന ഈ പൗരാണിക കെട്ടിടം ഇപ്പോൾ പഞ്ചനക്ഷത്ര സൗകര്യമുള്ള ആഡംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്ലാൻഡ് യാർഡിൽ 153 ആഢംബര മുറികൾ, അഞ്ച് എഫ് ആൻഡ് ബി കോൺസെപ്റ്റ്, ജിം, കോൺഫറൻസ് മുറികൾ, മറ്റു വിനോദ സൗകര്യങ്ങൾ എന്നിവ ഉണ്ട്.

യു.കെ, യൂറോപ്പ്, ജിസിസി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലായി ഹോട്ടൽ വ്യവസായ രംഗത്ത് ട്വന്റി14 ഹോൾഡിംഗ്‌സിന് 750 മില്യൺ ഡോളർ മൂല്യമുള്ള ആസ്തികളുണ്ട്. കൊച്ചിയിലെ പോർട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്‌റ്റൈഗൻബർഗർ ഹോട്ടൽ ബിസിനസ് ബേ, മസക്കറ്റിലെ ഷെറാട്ടൺ ഒമാൻ, സ്‌കോട്ട്‌ലാൻഡിൽ വാൽഡോർഫ് അസ്റ്റോറിയ എഡിൻബർഗ്, ദി കാലിഡോണിയൻ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകൾ.