ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി മില്‍മ

Posted on: March 30, 2024

കൊച്ചി : അന്തരീക്ഷ താപനില വര്‍ധന മൂലം പാലുത്പാദനത്തില്‍ കുറവ് വരുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനു ഹീറ്റ് ഇന്‍ഡക്‌സ് ബേസ്ഡ് ക്യാറ്റില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ പദ്ധതി നടപ്പാക്കുമെന്നു ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലാണു പരിരക്ഷ.

താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചിത താപനിലയില്‍ നിന്നു തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോഴാണ് ആനുകൂല്യം ലഭിക്കുന്നത്. 6 ദിവസം തുടര്‍ച്ചയായി ചൂട് ഉയര്‍ന്നു നിന്നാല്‍ കറവപ്പശു ഒന്നിന് 200 രൂപ നിരക്കിലാണു സഹായം. 26 ദിവസം വരെ ചൂടു നിശ്ചിത പരിധിക്കു മുകളിലാണെങ്കില്‍ 2000 രൂപയാണു പരിരക്ഷ. ഇതിനിടയിലും സ്ലാബുകളുണ്ട്.

സാമ്പത്തിക സഹായവും വ്യത്യാസപ്പെടും. ഒരു കറവപ്പശുവിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു 99 രൂപയാണു പ്രീമിയം. 50 രൂപ മേഖലാ യൂണിയനും 49 രൂപ കര്‍ഷകനും വഹിക്കണം. പദ്ധതിയുടെ ആനുകൂല്യം കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുമെന്നു ജയന്‍ പറഞ്ഞു.

 

TAGS: Milma |