പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്‍കാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍

Posted on: January 31, 2024

കൊച്ചി : മില്‍മ എറണാകുളം മേഖല യൂണിയന്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ സംഭരിക്കുന്ന പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നാലര കോടി രൂപ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ എം.ടി. ജയന്‍.

ജില്ലയിലെ 300 ക്ഷീരസംഘങ്ങളില്‍ നിന്നു മില്‍മ സംഭരിക്കുന്നത് ഏകദേശം ഒരു ലക്ഷം ലീറ്റര്‍ പാലാണ്. കര്‍ഷകര്‍ക്ക് അഞ്ച് രൂപയും സംഘത്തിന് രണ്ട് രൂപയും എന്ന നിലയില്‍ ഏഴ് രൂപയാണ് പ്രോത്സാഹന വിലയായി നല്‍കുന്നത്. ക്ഷീര മേഖലയുടെ ചരിത്രത്തില്‍ ഒരു മേഖല യൂണിയന്‍ നല്‍കുന്ന ഏറ്റവും കൂടിയ പ്രോത്സാഹന വിലയാണിതെന്നു ചെയര്‍മാന്‍ പറഞ്ഞു.

എറണാകുളം മേഖല യൂണിയന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ കന്നുകാലി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും അതിനോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാംപും ടെലിമെഡിസിനും സംഘങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. മേഖല യൂണിയന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി 1000 പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഏകദേശം 25 കോടി രൂപ ചെലവഴിക്കുമെന്നും ജയന്‍ അറിയിച്ചു.

 

TAGS: Milma |