ഇസാഫ് ബാങ്ക് അറ്റാദായത്തില്‍ 200 ശതമാനം വര്‍ധന

Posted on: February 10, 2024

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തിലെ 37 കോടിരൂപയില്‍ നിന്നും 199.8 ശതമാനമാണ് വാര്‍ഷിക വര്‍ധന. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 20.5% വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 32.3% വര്‍ധനയോടെ597 കോടി രൂപയിലുമെത്തി.

ബാങ്കിന്റെ മൊത്തം ബിസിനസ് 38.3% വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 37,009കോടി രൂപയിലെത്തി. മുന്‍ വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ 26763 കോടി രൂപയായിരുന്നു. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ്‌കൈവരിച്ചത്. മൊത്തം വായ്പകള്‍മുന്‍ വര്‍ഷത്തെ 12,544 കോടി രൂപയില്‍ നിന്നും 36.7% വര്‍ധിച്ച് 17,153കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങള്‍ 41% വര്‍ധിച്ച് 18860 കോടിരൂപയിലെത്തി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 4.2%, അറ്റനിഷ്‌ക്രിയ ആസ്തി 2.2% എന്നിങ്ങനെ കുറച്ച് ഗുണനിലവാരം മെച്ചപ്പെടുത്തി.

ബിസിനസ് 38% വളര്‍ച്ച രേഖപ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ട്. ഈ വളര്‍ച്ചയ്ക്ക് തുടര്‍ച്ച ഉറപ്പാക്കാനും ശക്തിപ്പെടുത്താനും തന്ത്രപ്രധാന ശ്രമങ്ങളാണ് ബാങ്ക് നടത്തുന്നത്. വെല്ലുവിളികളെ മുന്‍കൂട്ടി കാണാനും കൈകാര്യം ചെയ്യാനും ആവശ്യമായ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

TAGS: ESAF Bank |