കേരള ടെലികോം മൊബൈല്‍ ടവറുകള്‍ ഇരട്ടിയാക്കും

Posted on: October 12, 2021

കൊച്ചി: രാജ്യത്ത് 5 ജി സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈല്‍ ടവറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേരള ടെലികോം. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ടെലികോം കേരള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി.ടി.മാത്യു പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ബ്രോഷര്‍പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 19000 ടവറുകളേ ഉള്ളു. ഇത് 38000 എണ്ണമാക്കിയാലേ 5 ജി ലഭിക്കുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടവറുകള്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ പലവിധ സംശയങ്ങളും നേരത്തേ തന്നെ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, റേഡിയേഷന്‍ സംബന്ധിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഈ ധാരണമാറ്റാന്‍ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ടെലികോം മുതിര്‍ന്ന ഉദ്യോഗസ്ഥരായ എന്‍.എസ്. ദീപു, എസ്.ഗോപാലന്‍, ഷാജി ടി.ആര്‍., ശോഭന വി. എന്നിവരും പങ്കെടുത്തു.

എല്ലായിടത്തും വൈ ഫൈ കവറേജ് ലഭ്യമാക്കുന്ന എസ്.ടി. ഡി. ബുത്തുപോലെയുള്ള പ്രധാനമന്ത്രിയുടെ പി.എം. വാണിയുടെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ പബ്ലിക് ഡാറ്റാ ഓഫീസ് എറണാകുളത്ത് ഇന്നലെ തുറന്നു.

TAGS: BSNL |